റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെതിരെ വീണ്ടും സാമ്പത്തികമായ നീക്കങ്ങളുമായി യൂറോപ്പ്.
റഷ്യയുടെ പുറത്തുള്ള പുടിന്റെ ആസ്തികള്‍ മരവിപ്പിക്കുന്ന നടപടികളിലേക്കുള്പ്പെടെ കടക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ നേരിടുന്ന റഷ്യയ്ക്കും പുടിനും യൂറോപ്യന്‍ യൂണിയന്റെ ഈ നീക്കവും കനത്ത ആഘാതമാകും. ഇത് കൂടാതെ റഷ്യന്‍ ബാങ്കുകള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തി ഒറ്റപ്പെടുത്താനുള്ള പാക്കേജുകളും യൂറോപ്യന്‍ യൂണിയന് പദ്ധതിയിടുന്നുണ്ട്.
പുടിന്റെ ആകെ സമ്പത്ത് എത്രയെന്ന് കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. അദ്ദേഹത്തിന് പ്രതിവര്‍ഷം 10 മില്യണ്‍ റൂബിള്‍ സമ്പാദിക്കാനാകുന്നുണ്ടെന്നാണ് ബ്ലൂംബെര്‍ഗിന്റെ കണക്ക്. മൂന്ന് ആഡംബര കാറുകളും ഒരു അപ്പാര്‍ട്ട്മെന്റും മാത്രമേ അദ്ദേഹത്തിനുള്ളൂവെന്നാണ് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ പുടിന്റെ യഥാര്‍ഥ ആസ്തി ഈ കണക്കുകളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ലെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.
അതേസമയം കീവില്‍ റഷ്യ ആക്രമണം ശക്തമാക്കി. തന്ത്രപ്രധാനമായ ഹോസ്റ്റോമല്‍ വിമാനത്താവളം നിയന്ത്രണത്തിലാക്കിയെന്ന് റഷ്യ. കീവിനെ സംരക്ഷിക്കാന്‍ പോരാടുന്നതായി യുക്രെയ്ന് സേന അറിയിച്ചു.