ഉക്രൈനിൽ നിന്ന് 82 മലയാളി വിദ്യാർത്ഥികൾ ഇതിനകം നാട്ടിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു
ഉക്രൈനിൽ നിന്ന് 82 മലയാളി വിദ്യാർത്ഥികൾ ഇതിനകം നാട്ടിലെത്തി. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്.
ഇന്നലെ രാത്രി മുംബൈയിലും ഡൽഹിയിലും എത്തിയ വിദ്യാർത്ഥികളെ നോർക്കയുടെ മേൽ നോട്ടത്തിലായിരുന്നു നാട്ടിലെത്തിച്ചത്. വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സൗജന്യമായി നൽകിയിരുന്നു.
വിവിധ വിമാനത്താവളങ്ങളിൽ എത്തിയ വിദ്യാർത്ഥികളെ മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ എന്നിവരും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
തിരികെയെത്തുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികളെയും നാട്ടിലെത്തിക്കാനാവശ്യമായ നടപടികൾക്കായി കേന്ദ്രസർക്കാരുമായി കേരളം ആശയവിനിമയം നടത്തി വരികയാണ്.