ഏഷ്യക്കാരായ 20 പ്രമുഖർക്ക് എ.ബി.എൽ.എഫ് അവാർഡുകൾ സമ്മാനിച്ചു
അബുദാബി: ലുലു ഫൈനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി.അദീബ് അഹമ്മദിന് ബിസിനസ് രംഗത്തെ പ്രവർത്തന മികവിന് ഏഷ്യൻ ബിസിനസ് ലീഡർഷിപ്പ് ഫോറം (ABLF) അവാർഡ്.
മഹാമാരിക്ക് ശേഷം വിവിധ രംഗങ്ങളിലെ സുസ്ഥിര വികസനങ്ങൾക്ക് നേതൃത്വം നൽകിയ ഏഷ്യക്കാരാണ് അവാർഡിന് അർഹരായത്.വിവിധ മേഖലകളിൽ നിന്നുള്ള 20 വിദഗ്ധർ അംഗീകാരത്തിന് അർഹരായി. യു.എ.ഇ സഹിഷ്ണുത വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാന്റെയും ദുബായ് സിവിൽ ഏവിയേഷൻ അഥോറിറ്റി പ്രസിഡണ്ടും എമിരേറ്റ്സ് എയർലൈൻസ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവും ആയ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തുമിന്റെയും രക്ഷാകർതൃത്വത്തിൽ യുഎ ഇ ധനമന്ത്രാലയവും ദുബായ് കെയറും സംയുക്തമായാണ് ഇത് നടപ്പാക്കിയത്.
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ, മുൻ യു.എൻ.സെക്രട്ടറി ജനറൽ ബാൻ കി മൂൺ, ബഹ്റൈൻ വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രി സായിദ്.ആർ.അൽസയാനി, യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമ്ഹൈരി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, നാസ് ഡെയ്ലി ആന്റ് നാസ് അക്കാദമി സി.ഇ.ഒയും ഫൗണ്ടറുമായ നുസീർ യാസിൻ, ഇന്ത്യ ടുഡേ ഗ്രൂപ്പ് ഫൗണ്ടിങ് ചെയർമാനും ചീഫ് എഡിറ്ററുമായ അരൂൺ പ്യൂരി എന്നിവരെയും വിവിധ മേഖലകളിലെ പ്രവർത്തനമികവിന് അവാർഡ് നൽകിയാദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് വജ്രം പതിപ്പിച്ച എ.ബി.എൽ.എഫ് ട്രോഫിയുടെ ലേലവും നടന്നു. ഇതിന് ലഭിക്കുന്ന തുക ദുബായ് കെയറിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.