യുക്രൈനിലെ റഷ്യൻ അധിനിവേശം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ജനങ്ങളെ സഹായിക്കാൻ വേണ്ടി 3000പേരെ യുക്രൈനിലേക്ക് അയക്കുമെന്ന് വാഷിങ് ടണിലെ യുക്രൈൻ എംബസി പറഞ്ഞു.
ഇന്നലെ ശനിയാഴ്ച വെടി നിർത്തൽ നടപ്പാക്കി സാധാരണക്കാരായ ജനങ്ങൾക്ക് രക്ഷപ്പെടാൻ സമയം നൽകിയിരുന്നു. ശനിയാഴ്ച രാവിലെ 11 മുതൽ നാലുവരെ ആക്രമണം നിർത്താനായിരുന്നു ധാരണ. എന്നാൽ നാലുമണിക്കുമുമ്പുതന്നെ റഷ്യ ഷെല്ലാക്രമണം പുനഃരാരംഭിച്ചു. ഇതോടെ തുറമുഖനഗരമായ മരിയോപോളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് നിർത്തിയതായി യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ റഷ്യൻ സൈന്യം കീവിലെ ഹൈഡ്രോഇലക്ട്രിക് വൈദ്യുത നിലയം ലക്ഷ്യം വെച്ച് നീങ്ങുകയാണെന്ന് യുക്രൈൻ പറഞ്ഞു. കീവിന്റെ തെക്ക് ഭാഗത്ത് നൂറു കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഹൈഡ്രോഇലക്ട്രിക് വൈദ്യുതനിലയം ലക്ഷ്യമാക്കി റഷ്യൻ സൈന്യം നീങ്ങുന്നുവെന്ന് യുക്രൈൻ ജനറൽ സ്റ്റാഫ് വ്യക്തമാക്കി.