റഷ്യന്‍- യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് 10 ദിവസത്തിനുള്ളില്‍ 15 ലക്ഷം അഭയാര്‍ത്ഥികള്‍ അയല്‍രാജ്യങ്ങളിലേക്ക് കടന്നുവെന്ന് യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി വ്യക്തമാക്കി.
അഭയാര്‍ത്ഥി പ്രവാഹം രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാർഥി പ്രശ്നമാണെന്ന് യു.എന്‍ അറിയിച്ചു.
പോളണ്ടിലെ അതിര്‍ത്തി സേനയുടെ കണക്കുകള്‍ പ്രകാരം, ശനിയാഴ്ച 1,29,000 ആളുകളാണ് അതിര്‍ത്തി കടന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു ദിവസം അതിര്‍ത്തി കടക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ആകെ പോളണ്ട് അതിര്‍ത്തി കടന്നവരുടെ എണ്ണം 9,22,400 ആയി. ഹംഗറി, മോള്‍ഡോവ, റൊമാനിയ, സ്ലൊവാക്യ എന്നീ അയല്‍രാജ്യങ്ങളിലേക്കും യുക്രൈനില്‍ നിന്ന് അഭയാര്‍ഥികള്‍ എത്തിയിട്ടുണ്ട്. യുക്രൈനിലെ നഗരങ്ങളിലും പട്ടണങ്ങളിലും റഷ്യന്‍ ഷെല്ലാക്രമണം തുടരുന്നതിനാല്‍ അഭയാര്‍ത്ഥി പ്രവാഹം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.