ബാഹുബലി’യിലൂടെ ലോകമെങ്ങും ആരാധകരെ നേടിയ സംവിധായകൻ എസ്.എസ് രാജമൗലി രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ നായകരാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം RRR ‘ആര്‍.ആര്‍.ആറി’ന്‍റെ താരങ്ങൾ പ്രൊമോഷന്റെ ഭാഗമായി നാളെ ദുബായ് എക്സ്പോയിലെ ഇന്ത്യ പവലിയനിൽ എത്തും.
നാളെ മാർച്ച് 18 ന് ഉച്ചയ്ക്ക് 2:40 ന് ഇന്ത്യാ പവലിയനിലെ ലെവൽ 3 ലെ ദ ഫോറത്തിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലി, സൂപ്പർ താരങ്ങൾ, രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ പങ്കെടുക്കും.
ആക്ഷനും ഇമോഷണല്‍ രംഗങ്ങളും യുദ്ധവും എല്ലാം നിറഞ്ഞ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ വിഷ്വല്‍ മാജിക്കിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. ലോകമെമ്പാടും 2022 മാർച്ച് 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 450 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.