മോശം കാലാവസ്ഥയെത്തുടർന്ന് യുഎഇയുടെ പതാകയേന്തിക്കൊണ്ടുള്ള ചരക്ക് കപ്പൽ ഇറാനിലെ അസ്സലുയെ തുറമുഖത്ത് നിന്ന് 30 മൈൽ അകലെ ഇന്ന് വ്യാഴാഴ്ച മുങ്ങിയതായി അധികൃതർ അറിയിച്ചു. കപ്പലിൽ 30 ജീവനക്കാരുണ്ടായിരുന്നെന്നാണ് വിവരം.
കടൽ പ്രക്ഷുബ്ധമായതും കൊടുങ്കാറ്റുള്ളതുമായ കാലാവസ്ഥയും കപ്പൽ മറിയാൻ കാരണമായതായി സലെം അൽ മക്രാനി കാർഗോ കമ്പനിയുടെ ഓപ്പറേഷൻസ് മാനേജർ ക്യാപ്റ്റൻ നിസാർ ഖദ്ദൂറ അറിയിച്ചു.
രക്ഷാപ്രവർത്തകർ 16 ജീവനക്കാരെ രക്ഷിച്ചതായി ക്യാപ്റ്റൻ പറഞ്ഞു. മറ്റൊരു 11 പേർ ലൈഫ് റാഫ്റ്റിൽ കയറ്റി, ഒരാളെ സമീപത്തുള്ള ടാങ്കർ രക്ഷപ്പെടുത്തി. രണ്ട് ജോലിക്കാർ ഇപ്പോഴും വെള്ളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കാറുകളും മറ്റ് ചരക്കുകളും വഹിച്ചുകൊണ്ട് ഇറാഖിലെ ഉമ്മു ഖസറിലേക്ക് പോവുകയായിന്ന കപ്പൽ ആണ് മുങ്ങിയത്. സുഡാൻ, ഇന്ത്യ, പാകിസ്ഥാൻ, ഉഗാണ്ട, ടാൻസാനിയ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരാണ് ക്രൂവിൽ ഉണ്ടായിരുന്നതെന്ന് ഖദ്ദൂര പറഞ്ഞു.