അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് റഷ്യ വമ്പന്‍ ഡിസ്‌കൗണ്ടില്‍ ക്രൂഡോയില്‍ വില്‍ക്കാന്‍ തീരുമാനിച്ചതോടെ റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് കരാറായതായി റിപ്പോർട്ടുകൾ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കരാറിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ടുകൾ.
ഇതിന്റെ ഭാഗമായി 30 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യും.
യുദ്ധത്തിന്റെ പശ്ചാതലത്തില് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യൂറോപ്യൻ രാജ്യങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് കുറഞ്ഞ നിരക്കില് ഇന്ത്യക്ക് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ലഭിക്കുക. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ആഭ്യന്തര വിപണിയിലെ വിലക്കയറ്റത്തെ ഒരുപരിധിവരെ പിടിച്ചുനിർത്തുമെന്ന് കേന്ദ്ര സര്ക്കാർ വിശദീകരിച്ചു.
പാശ്ചാത്യരാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യൻ എണ്ണകമ്പനികൾ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് തടസമില്ല.