മലപ്പുറത്ത് ഫുട്ബോള്‍ ഗാലറി തകര്‍ന്നു വീണ് അപകടം. 50 ലേറെ പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പൂങ്ങോട് ജനകീയസമിതി സംഘടിപ്പിച്ച അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെയാണ് അപകടം ഉണ്ടായത്.
ഇന്ന് ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. കമ്പും മുളയും കൊണ്ട് കെട്ടിയുണ്ടാക്കിയ ഗാലറിയാണ് തകര്‍ന്നത്. കളി തുടങ്ങുന്നതിന് തൊട്ട് മുന്‍പാണ് അപകടം ഉണ്ടായത്. ഫൈനല്‍ മത്സരമായിരുന്നു ആരംഭിക്കാനിരുന്നത്. മൂവായിരത്തില്‍ ഏറെ പേരാണ് ഗാലറിയുടെ പരിസരങ്ങളില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ വണ്ടൂര്‍ മിംമ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.