മഹാമാരിക്ക് ശേഷം ലോകം കണ്ട ഏറ്റവും വലിയ മെഗാമേള ദുബായ് വേൾഡ് എക്സ്‌പോ 2020 സമാപിക്കാൻ ഇനി 10 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 2021 ഒക്ടോബർ ഒന്നു മുതൽ ആണ് എക്സ്പോ 2020 ദുബായ് ആരംഭിച്ചത്. 2022 മാർച്ച് 31 ആണ് അവസാന ദിനം. ഇതിനകം ലോകത്തെ വിസ്മയിപ്പിച്ച പരിപാടികളാണ് എക്സ്പോയിൽ അരങ്ങേറിയത്. അറബ് ലോകത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നർത്തകരും അഭിനേതാക്കളും സംഗീതജ്ഞരും ഉൾപ്പെട്ട പരിപാടികളും അതിനൂതന സാങ്കേതികവിദ്യകളും ഇതിനകം എക്സ്പോയിൽ അവതരിപ്പിച്ചു. ഇന്നലെ മുതൽ സന്ദർശകർ 4 മണിക്കൂർ വരെ ക്യൂവിൽ നിന്നാണ് പല പവലിയനുകളും ആസ്വദിക്കുന്നത്.
ആറുമാസം നീണ്ടുനിൽക്കുന്ന മഹാമേളയിൽ ഇതിനകം 2 കോടി സന്ദർശകരാണ് എത്തിച്ചേർന്നത്. കോവിഡ് പശ്ചാത്തലത്തിൽ 2020 ൽ നടക്കേണ്ടിയിരുന്ന എക്സ്‌പോയാണ് ഈ വർഷം 2022 ൽ നടന്നത്.
കൂടാതെ ഇതിനകം എക്‌സ്‌പോ 2020 ദുബായിലെ സൗദി അറേബ്യയുടെ പവലിയൻ ‘ബെസ്റ്റ് പവലിയൻ’ അവാർഡും രണ്ട് ഓണററി അവാർഡുകളും നേടി. ലോകപ്രശസ്ത എക്സിബിഷന്റെ ഓരോ പതിപ്പിനും അവാർഡുകൾ നൽകുന്ന എക്‌സിബിറ്റർ മാസികയാണ് സൗദി അറേബ്യയുടെ പവലിയനെ തിരഞ്ഞെടുത്തത്
‘ലാർജ് സ്യൂട്ടുകൾ’ വിഭാഗത്തിലാണ് സൗദി അറേബ്യ പവലിയൻ പുരസ്‌കാരം നേടിയത്. മികച്ച എക്സ്റ്റീരിയർ ഡിസൈനിനും മികച്ച ഡിസ്പ്ലേയ്ക്കും ഓണററി അവാർഡുകളും ലഭിച്ചു.
കൂടാതെ മാർച്ച് 24ന് രാത്രി 7 മണിക്ക് എക്സ്പോയിലെ ജൂബിലി പാർക്കിൽ സംഗീതപരിപാടിയുമായി ഒരിക്കൽ കൂടി എആർ റഹ്മാൻ തിരിച്ചെത്തും. റഹ്മാനോടൊപ്പം മറ്റു നിരവധി ഇന്ത്യന്‍ സംഗീത പ്രതിഭകളും സംഗീത വിരുന്നില്‍ പങ്കെടുക്കും.