സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷ ഏപ്രില്‍ രണ്ടിനാണ് അവസാനിക്കുക. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് പരീക്ഷ ചോദ്യപേപ്പര്‍. അഞ്ചുമുതല്‍ ഒമ്ബതുവരെ ക്ലാസുകള്‍ക്ക് എസ്.സി.ഇ.ആര്.ടിയും എസ്.എസ്.കെയും തയാറാക്കിയ ചോദ്യപേപ്പര്‍ ഉപയോഗിച്ചാണ് വാര്‍ഷിക പരീക്ഷ.
എല്‍.പി ക്ലാസിലെ കുട്ടികള്‍ പരീക്ഷ ദിവസങ്ങളില്‍ ക്രയോണുകള്‍, കളര്‍ പെന്‍സില്‍ തുടങ്ങിയവ കരുതണം. അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്ബത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പാഠഭാഗങ്ങളില്‍നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്ബത് ക്ലാസുകളിലെ ചോദ്യ പേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേത് പോലെ ആയിരിക്കും.
സംസ്ഥാന സിലബസില്‍ പഠിക്കുന്ന 34,37,570 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ പൂര്‍ണ അര്‍ഥത്തിലുള്ള വാര്‍ഷിക പരീക്ഷ നടക്കുന്നത്.
രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ ഈ മാസം 30നും എസ്.എസ്.എല്‍.സി പരീക്ഷ 31നും ആരംഭിക്കും. ഇവരുടെ മോഡല്‍ പരീക്ഷകള്‍ 16ന് തുടങ്ങി തിങ്കളാഴ്ച പൂര്‍ത്തിയായി. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കഴിയുന്നരീതിയിലാണ് പരീക്ഷ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.