റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതായി യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി പറഞ്ഞു. വ്യാഴാഴ്ച രാവിലെ റഷ്യ യുക്രൈനില്‍ ഫോസ്ഫറസ് ബോംബ് ഉപയോഗിച്ചതായി അദ്ദേഹം ആരോപിച്ചു. ഒരു പൊടി അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ഇത് ഓക്സിജനുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ തീപിടിക്കുകയും ഗുരുതരമായ പൊള്ളലേല്‍ക്കുകയും ചെയ്യുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയുടെ യുക്രൈന് അധിനിവേശം ഒരു മാസം പിന്നിടുന്ന സമയത്തും തങ്ങള്‍ക്ക് അടിയന്തര സൈനിക സഹായം നല്‍കണമെന്ന് നാറ്റോയോട് ആവശ്യപ്പെടുകയാണ് സെലെന്‍സ്കി. ‘ജനങ്ങളെയും നമ്മുടെ നഗരങ്ങളെയും രക്ഷിക്കാന്‍, യുക്രൈന് നിയന്ത്രണങ്ങളില്ലാതെ സൈനിക സഹായം ആവശ്യമാണ്. അതുപോലെ റഷ്യ അവരുടെ മുഴുവന്‍ ആയുധശേഖരവും ഞങ്ങള്‍ക്കെതിരെ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കുകയാണ്’, അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ നാറ്റോ പ്രതിനിധികളോട് പറഞ്ഞു.
 
								 
								 
															 
															





