തമിഴ്നാട്ടിൽ വിവിധ മേഖലകളിലായി 3,500 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ യുഎഇ സന്ദർശനത്തിനിടെയാണ് യൂസുഫലിയുടെ ഈ പ്രഖ്യാപനം.
യുഎഇയിൽ ചതുർദിന സന്ദർശനത്തിനെത്തിയ സ്റ്റാലിനോട് നിക്ഷേപക സംഗമത്തിനിടെയാണ് എം.എ യൂസുഫലി ഈ പ്രഖ്യാപനം നടത്തിയത്. തമിഴ്നാട്ടിൽ രണ്ട് ഷോപ്പിങ് മാൾ, കയറ്റുമതി ലക്ഷ്യത്തോടെയുള്ള ഭക്ഷ്യ സംസ്കരണ യൂനിറ്റ് എന്നിവ നിർമ്മിക്കാനാണ് ലുലു പദ്ധതിയിടുന്നത്.
രണ്ട് മാളുകളിലുമായി 5,000 പേർക്കാണ് തൊഴിലവസരം ലഭിക്കുകയെന്ന് യൂസുഫലി പറഞ്ഞു. മാളുകളുടെ നിർമാണപ്രവൃത്തികൾ ഉടൻ ആരംഭിക്കും. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് ഉടൻതന്നെ തമിഴ്നാട് സർക്കാരുമായി എം.ഒ.യുവിൽ ഒപ്പുവയ്ക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.