ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്ന് 2022 മാർച്ച് 31 ആണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
ഇന്ന് വ്യാഴാഴ്ചക്കകം പാൻകാർഡുകളെ ആധാറുമായി ബന്ധിപ്പിക്കാത്ത നികുതി ദായകർക്ക് 500 മുതൽ 1000 രൂപ വരെ പിഴ നൽകേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പു നൽകി. സമയപരിധി കഴിഞ്ഞാൽ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ പ്രവർത്തന രഹിതമാകുവാനും സാധ്യതയുണ്ട്. മാർച്ച് 31ന് ശേഷം ആദ്യ മൂന്ന് മാസത്തേക്ക് 500 രൂപ നൽകി പാൻ-ആധാർ ലിങ്കിങ് പൂർത്തീകരിക്കാം.
എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം ഈ തുക ഇരട്ടിയാകും. പിന്നീട് ലിങ്കിങ് പൂർത്തീകരിക്കാൻ 1000 രൂപ പിഴ നൽകേണ്ടിവരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ്(സിബിഡിടി) അറിയിപ്പിൽ വ്യക്തമാക്കി. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ, അത് പ്രവർത്തനരഹിതമാകും. ആദായ നികുതി പോർട്ടലിൽ ലോഗിൻ ചെയ്ത് ലിങ്കിങ് പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സിബിഡിടി വ്യക്തമാക്കി.
പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. പാന്‍ സര്‍വീസ് സെന്ററുകളില്‍ നിന്നും ലഭിക്കുന്ന ഫോം ഫിൽ ചെയ്ത് ഇത്തരത്തില്‍ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്നും 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്സൈറ്റ് മുഖാന്തിരവും ഇത്തരത്തില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും.