എക്സ്പോ 2020 ദുബായ് നടന്ന ആറു മാസകാലയളവിൽ 37 മില്ല്യണിലധികം പേർ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി കണക്കുകൾ.
എക്‌സ്‌പോയിലെ ഗതാഗത സേവനങ്ങളുടെ മൊത്തം ഉപയോഗത്തിന്റെ 67 ശതമാനമാണിത്. ദുബായ് മെട്രോ, പബ്ലിക് ബസുകൾ, ടാക്സികൾ, ഇ-ഹെയിൽ റൈഡുകൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചവരുടെ എണ്ണം 26.3 ദശലക്ഷത്തിലെത്തി.
എക്‌സ്‌പോ സന്ദർശകരിൽ 37 ശതമാനം പേർക്കും ആർടിഎയുടെ ട്രാൻസിറ്റ് സേവനങ്ങൾ നൽകിയെന്നും എക്‌സ്‌പോ സമയത്ത് ഏകദേശം 11 ദശലക്ഷം വാഹനയാത്രികർ ആർടിഎയുടെ പാർക്കിംഗ് സ്‌ലോട്ടുകൾ ഉപയോഗിച്ചെന്നും ആർടിഎയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ബോർഡ് ചെയർമാൻ മാറ്റർ അൽ തായർ പറഞ്ഞു.
റോഡ്, ഗതാഗത ശൃംഖലകളുടെ സംയോജിത ഇൻഫ്രാസ്ട്രക്ചറും തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് ആർടിഎ വികസിപ്പിച്ച മാസ്റ്റർ മൊബിലിറ്റി പ്ലാനും, ദുബായിൽ നിന്നും മറ്റ് എമിറേറ്റുകളിൽ നിന്നുമുള്ള താമസക്കാരെയും സന്ദർശകരെയും എക്‌സ്‌പോ 2020-ലേയ്‌ക്ക് സുഗമമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായും അൽ ടയർ പറഞ്ഞു.