ദുബായിൽ ചെറിയ കുറ്റങ്ങൾ ചുമത്തപ്പെട്ട തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാൻ സഹായിക്കുന്നതിനായി ദുബൈ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സും ഹുസൈൻ സജ്‌വാനി-ഡമാക് ഫൗണ്ടേഷനും (HSDF) ചേർന്ന് ഒരു റമദാൻ ചാരിറ്റബിൾ സംരംഭം ‘ഫ്രഷ് സ്ലേറ്റ്’ ആരംഭിച്ചു,
ദുബായിലെ ശിക്ഷാനടപടികളിലും തിരുത്തൽ സ്ഥാപനങ്ങളിലും തടവിലാക്കപ്പെട്ടവരുടെ മോചനവും അവരുടെ കുടുംബങ്ങളിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നതും സമൂഹത്തിലെ ഉൽപ്പാദനക്ഷമമായ അംഗങ്ങളാകാനുള്ള പുതിയ അവസരവും ഉറപ്പാക്കുകയും അവരുടെ സാമ്പത്തിക ബാധ്യതകൾ സംരംഭം ഏറ്റെടുക്കുകയും ചെയ്യും.
അതിനായി 2022 ഏപ്രിൽ മുതൽ ജൂലൈ വരെ നാല് മാസങ്ങളിലായി നടത്തുന്ന പദ്ധതിക്കായി ഫൗണ്ടേഷൻ 2 മില്യൺ ദിർഹം വകയിരുത്തിയതായി ഹുസൈൻ സജ്‌വാനി-ഡമാക് ഫൗണ്ടേഷന്റെ സ്ഥാപകൻ ഹുസൈൻ സജ്‌വാനി പറഞ്ഞു.
റമദാൻ, ഈദ് അൽ ഫിത്തർ, ഈദ് അൽ അദ്ഹ എന്നിവയുടെ ആഘോഷങ്ങളോടനുബന്ധിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നതെന്നും സജ്‌വാനി പറഞ്ഞു. “ഈ ആളുകൾക്ക് ഒരു പുതിയ തുടക്കം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതിലൂടെ അവർക്ക് ഒരു പുതിയ പാത ആരംഭിക്കാനും മാന്യമായ ജീവിതം നയിക്കാനും കഴിയും.” സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തടവുകാരെയും അവരുടെ കുടുംബങ്ങളെയും ഈ സംരംഭം സഹായിക്കുമെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഡയറക്ടർ മേജർ ജനറൽ ഡോ മുഹമ്മദ് അബ്ദുല്ല അൽ മുർ പറഞ്ഞു.