കൊറോണ വൈറസ് വകഭേദമായ ‘XE’ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. മുംബൈയിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 230 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഒരാളിൽ വൈറസ് ബാധ കണ്ടെത്തിയത്. അമ്പത് വയസുകാരിയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബിഎ 2 വകഭേദത്തേക്കാൾ പത്ത് ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ള വൈറസാണ് എക്സ് ഇ. യുകെയിലാണ് ഈ വകഭേദം ആദ്യം കണ്ടെത്തിയത്.
ഫെബ്രുവരി പത്തിനാണ് കോസ്റ്റ്യൂം ഡിസൈനറായ അമ്പതുകാരി ആഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയത്. അന്നു നടത്തിയ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചിരുന്നില്ല. ഇവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നുമാണ് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കുന്നത്.
ബ്രിട്ടനിൽ 660 പേരിൽ XE സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണിന്റെ തന്നെ ജനിതക വ്യതിയാനം വന്ന രൂപമാണിത്. ബി എ വൺ, ബി എ ടൂ ഒമിക്രോൺ വകഭേദങ്ങളുടെ സംയോജിത രൂപമാണ് XE എന്ന് ഗവേഷകർ പറയുന്നു. വാക്സിനേഷൻ കൂടുതലായി നടന്നതിനാൽ, ഡെൽറ്റ വ്യാപിച്ചതുപോലെ, XE ഇന്ത്യയിൽ വലിയ തോതിൽ വ്യാപിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.