കാനഡയിലെ ടൊറന്റോ നഗരത്തിലെ ഷെർബോൺ സബ്വേ സ്റ്റേഷന്റെ പ്രവേശന കവാടത്തിലുണ്ടായ വെടിവയ്പ്പിനെ തുടർന്ന് 21 കാരനായ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതായി ടൊറന്റോയിലെ പോലീസ് അറിയിച്ചു.
ഉത്തർപ്രദേശ് സ്വദേശി കാർത്തിക് വാസുദേവ് ആണ് വ്യാഴാഴ്ചയുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടത്. മോഷ്ടാക്കളും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെയാണ് കാർത്തിക്കിന് വെടിയേറ്റതെന്നാണ് ലഭിക്കുന്ന വിവരം. സെനെക കോളേജിലെ ഒന്നാം സെമസ്റ്റർ മാർക്കറ്റിംഗ് മാനേജ്മെന്റ് വിദ്യാർഥിയാണ് കാർത്തിക്ക്. പാർട് ടൈം ജോലി നോക്കുന്ന റെസ്റ്റോറന്റിലേക്കു പോകുന്ന വഴിക്കാണ് കാർത്തിക്കിന് വെടിയേറ്റത്. കാർത്തിക് വാസുദേവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരണം സ്ഥിരീകരിക്കുകയായിരുന്നെന്ന് ടൊറന്റോ പോലീസ് സർവീസ് പ്രസ്താവനയിൽ പറഞ്ഞു.
കാർത്തികിന്റെ മരണത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ജയശങ്കർ കാർത്തികിന്റെ കുടുംബത്തിന് അനുശോചനവും അറിയിച്ചത്. ടൊറന്റോയിലെ ഇന്ത്യൻ എംബസിയും അനുശോചനം രേഖപ്പെടുത്തി.
കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നേരത്തെ നാട്ടിലെത്തിക്കുന്നതിന് സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും എംബസി ട്വീറ്റ് ചെയ്തു. ടൊറന്റോ പോലീസ് സർവീസിലെ ഹോമിസൈഡ് സ്ക്വാഡ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.
Grieved by this tragic incident. Deepest condolences to the family. https://t.co/guG7xMwEMt
— Dr. S. Jaishankar (@DrSJaishankar) April 8, 2022