ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നലെ യുക്രെയിനിലെത്തി. തലസ്ഥാനമായ കീവിലെത്തിയ ബോറിസ് യുക്രെയിന്‍ പ്രസിഡന്റ് വ്ലാദിമിർ സെലെന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി. യുക്രെയിന്‍ പ്രസിഡന്‍ഷ്യല്‍ പ്രതിനിധി ആന്‍ഡ്രി സൈബിയ ബോറിസ് – സെലെന്‍സ്കി കൂടിക്കാഴ്ചയുടെ ചിത്രം സഹിതമാണ് വിവരം പുറത്തുവിട്ടത്. ബോറിസ് കീവ് സന്ദര്‍ശിക്കുന്ന വിവരം ബ്രിട്ടീഷ് അധികൃതര്‍ നേരത്തെ പുറത്തുവിട്ടിരുന്നില്ല.
യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ലെയ്‌നും യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി തലവന്‍ ജോസഫ് ബോറലും വെള്ളിയാഴ്ച യുക്രെയിനിലെത്തിയതിന് പിന്നാലെയാണ് ബോറിസിന്റെ സന്ദര്‍ശനം. ഓസ്ട്രേലിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമ്മറും ഇന്നലെ കീവിലെത്തിയിരുന്നു. യുക്രെയിന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രകടമാക്കാനാണ് ബോറിസ് സെലെന്‍സ്കിയെ നേരില്‍ കണ്ടതെന്ന് അദ്ദേഹത്തിന്റെ ഡൗണിംഗ് സ്ട്രീറ്റ് ഓഫീസ് വ്യക്തമാക്കി. യുക്രെയിന് കൂടുതല്‍ സൈനിക സഹായം ബ്രിട്ടണ്‍ വാഗ്ദാനം ചെയ്തു. കീവില്‍ നിന്ന് റഷ്യന്‍ സേന പിന്മാറിയതോടെയാണ് യൂറോപ്യന്‍ നേതാക്കള്‍ യുക്രെയിനിലേക്ക് എത്തിത്തുടങ്ങിയത്. നിലവില്‍ യുക്രെയിന്റെ കിഴക്കന്‍ മേഖലയായ ഡോണ്‍ബാസ് കേന്ദ്രീകരിച്ചാണ് റഷ്യ ആക്രമണം നടത്തുന്നത്.