ചൈനയിലെ ഏറ്റവും വലിയ നഗരവും സാമ്പത്തിക കേന്ദ്രവുമായ ഷാങ്ഹായിൽ ലോക്ഡൗൺ മൂലം ജനങ്ങൾ ദുരിതത്തിൽ. നഗരവാസികൾ ചൈനയുടെ ‘സീറോ കോവിഡ്’ നയത്തിന് അനുസൃതമായി ഏപ്രിൽ 1 മുതൽ കർശനമായ ലോക്ക്ഡൗണിന് വിധേയരായിരിക്കുകയാണ്. കർശനമായ ലോക്ഡൗൺ നടപടികളെയാണ് ജനങ്ങൾ ചോദ്യം ചെയ്യുന്നത്. ഇതിന് ഒരു അവസാനമില്ലേ എന്നാണ് ജനങ്ങളുടെ ചോദ്യം. 25,000 കോവിഡ് കേസുകളാണ് അടുത്തിടെ ഇവിടെ റിപ്പോർട്ട് ചെയ്തത്.
26 ദശലക്ഷം നിവാസികൾ അവരുടെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് നിരോധിച്ചിരിക്കുന്നതിനാൽ പ്രതിഷേധത്തിലാണ്. ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് മരിക്കുന്ന സ്ഥിതായിലാണ് ജനങ്ങളെന്ന് നഗരവാസികൾ പറയുന്നു. നിരവധി ലോജിസ്റ്റിക്കൽ വെല്ലുവിളികൾ നേരിടുന്ന സർക്കാർ റേഷൻ വിതരണ സംവിധാനത്തെ ആശ്രയിക്കേണ്ടിവരുന്നത് ദുരിതം ഇരട്ടിക്കുന്നതായും അവർ പറഞ്ഞു.
2019ൽ വുഹാനിൽ ഉണ്ടായതിനേക്കാൾ മോശം സ്ഥിതിയാണ് ഷാങ്ഹായിൽ ഇപ്പോഴുളളതെന്ന് റിപ്പോർട്ടുണ്ട്. തുടക്കത്തിൽ അധികൃതർ ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങൾ ആസൂത്രണം ചെയ്തുവെങ്കിലും കൊറോണ കേസുകൾ ഗണ്യമായി കൂടിയതിനാൽ ലോക്ഡൗൺ കർശനമാക്കി. മുഴുവൻ സാമ്പത്തിക പ്രവർത്തനങ്ങളും ഒരേസമയം നിർത്തിവെയ്‌ക്കാനും വൻതോതിലുള്ള കൊറോണ ടെസ്റ്റിംഗ് സൈറ്റുകൾ ആരംഭിക്കാനും അവരെ പ്രേരിപ്പിച്ചു.