അബുദാബി: യു.എ.ഇ സാമ്പത്തിക രംഗങ്ങളിലെ വികസനത്തിന് പ്രേരകമാകുന്ന നവീന ആശയങ്ങൾ പരിഗണിച്ച് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ എം.ഡി അദീബ് അഹമ്മദിനെ യു.എ.ഇ ഇന്റർനാഷണൽ ഇൻവെസ്റ്റേഴ്‌സ് കൗൺസിൽ (ഐ.ഐ.സി) ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. വിദേശ നിക്ഷേപകർക്കുള്ള എമിറേറ്റ്സ് ഡയറക്ടർ ബോർഡിലേക്കുള്ള സ്വതന്ത്ര അംഗമെന്ന നിലയ്ക്കാണിത്. യു.എ.ഇ ധനമന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മറിയുടെ നേതൃത്വത്തിൽ 2009-ൽ സ്ഥാപിതമായ ഐ.ഐ.സി ധനമന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
അന്താരാഷ്ട്ര നിക്ഷേപ രംഗങ്ങളിൽ സാധ്യതകൾ തുറന്നിടുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും നിക്ഷേപകരും സർക്കാരും തമ്മിലുള്ള കണ്ണിയായി നിലകൊള്ളുകയെന്നതാണ് ഐ.ഐ.സി ദൗത്യം. യു.എ.ഇ സാമ്പത്തിക വികസന രംഗങ്ങളിൽ കൂടുതൽ സജീവമായി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ അഭിമാനിക്കുന്നതായി അദീബ് അഹമ്മദ് പറഞ്ഞു. മഹാമാരിയുടെ സമയങ്ങളിലും സാമ്പത്തിക രംഗത്തിന് കരുതലേകിക്കൊണ്ടുള്ള പ്രവർത്തനമാണ് യു.എ.ഇ ഭരണനേതൃത്വം നടത്തിയത്. പുതിയ കാഴ്‌ചപ്പാടുകൾ കൂടുതൽ വിദേശനിക്ഷേപങ്ങൾക്ക് വഴിയൊരുക്കും. യു.എ.ഇയിലെ താമസക്കാരൻ എന്ന നിലയിൽ ഈ രാജ്യത്തിൻറെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ഈ ചുമതല വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അദീബ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഹോസ്പിറ്റാലിറ്റി ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനമായ ട്വന്റി 14 ഹോൾഡിങ്‌സും പ്രാദേശിക, ആഗോള നിക്ഷേപ രംഗങ്ങളിൽ സജീവമാണ്. അൽമരിയ കമ്യൂണിറ്റി ബാങ്ക് യു.എ.ഇ, വേൾഡ് ഇക്കണോമിക് ഫോറം റീജിയണൽ സ്ട്രാറ്റജി ഗ്രൂപ്പ്, ലൂസനിലെ വേൾഡ് ടൂറിസം ഫോറം എന്നിവയുടെ ഉപദേശക സമിതിയിലും അദീബ് അംഗമാണ്. സാമ്പത്തിക സേവന രംഗങ്ങളിൽ 11 രാജ്യങ്ങളിലായി 245 ശാഖകളുള്ള ലുലു എക്സ്ചേഞ്ചും ലുലു മണി ആപ്പും അദ്ധേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. ഇതിന് യു.എ.ഇയിൽ മാത്രം 83 ശാഖകളാണുള്ളത്