യുഎഇക്കെതിരെ വംശീയാധിക്ഷേപം നടത്തുകയും വിവേചനപരമായ പരാമർശം നടത്തുകയും ചെയ്‌തതിന് പൊതുശല്യമുണ്ടാക്കിയ സ്ത്രീയെ അബുദാബിയിൽ വെച്ച് കസ്റ്റഡിയിലെടുത്തു.
അബുദാബി പബ്ലിക് പ്രോസിക്യൂഷൻ ഒരു പൊതു ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ അനുസരിക്കാതെയും വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചെറുക്കുകയും ചെയ്തതിന് യുവതിയെ മുൻകൂർ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
ഒരു ഹോട്ടലിൽ എത്തിയ യുവതി യുഎഇക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തി സംഘർഷമുണ്ടാക്കിയെന്നാണ് അബുദാബി പൊലീസിന് ലഭിച്ച പരാതി. നിർദ്ദേശങ്ങൾ അനുസരിക്കാതെ സംഘർഷമുണ്ടാക്കുമ്പോൾ യുവതി ഒരു ഹോട്ടൽ ലോബിയിലായിരുന്നു.
സംഭവസ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ യുവതിയോട് സ്വയം ആരാണെന്ന് പറയാൻ ആവശ്യപ്പെട്ടതോടെ യുവതി അത് നിരസിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ യുവതിയെ പരിശോധിച്ചപ്പോൾ വസ്ത്രത്തിൽ ഒരു ആയുധം കണ്ടെത്തി. ലഗേജ് പരിശോധിച്ചപ്പോൾ നിരീക്ഷണ ക്യാമറകളും 15 സെൽ ഫോണുകളും ലാപ്‌ടോപ്പുകളും കണ്ടെത്തി
അബുദാബി പബ്ലിക് പ്രോസിക്യൂഷനിൽ കൂടുതൽ ചോദ്യം ചെയ്തപ്പോൾ വംശീയാധിക്ഷേപം നടത്തിയതായി പ്രതി കുറ്റം സമ്മതിച്ചു. പക്ഷെ ഇത് ചെയ്യാൻ ഒരു കാരണവും പ്രതി നൽകിയിട്ടില്ലെന്ന് ജുഡീഷ്യൽ അധികൃതർ പറഞ്ഞു.