ദുബായ് കോടതികളിൽ അനന്തരാവകാശ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക അനന്തരാവകാശ കോടതി ആരംഭിച്ചതായി ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബായ് ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
അനന്തരാവകാശവുമായി ബന്ധപ്പെട്ട കേസുകളും അപേക്ഷകളും ഒരു പ്രത്യേക സമയപരിധിക്കുള്ളിൽ ഒരൊറ്റ ജുഡീഷ്യൽ ബോഡി കൈകാര്യം ചെയ്യാൻ ഈ പുതിയ കോടതി പ്രാപ്തമാക്കും.
ദുബായ് കോടതികളിലെ നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും വ്യവഹാര പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനുമുള്ള ദുബായിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ തിരുമാനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം,
ഒരു കോർട്ട് ഓഫ് കാസേഷൻ ജഡ്ജിയായിരിക്കും അനന്തരാവകാശ കോടതിയുടെ അധ്യക്ഷൻ, അതിലെ അംഗങ്ങളിൽ ഒരു കോടതി ഓഫ് അപ്പീൽ ജഡ്ജിയും ഒരു കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ജഡ്ജിയും ഉൾപ്പെടും. ഒരു കേസിന്റെ സ്വഭാവമനുസരിച്ച്, പ്രത്യേക അനന്തരാവകാശ കോടതി വിവിധ സ്പെഷ്യലൈസേഷനുകളുള്ള ജഡ്ജിമാരെ ഒരുമിച്ച് കൊണ്ടുവരും.