ചൈനയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഷാങ്ഹായില്‍ കൊവിഡ് ബാധിച്ച് മൂന്ന് മരണം റിപ്പോര്‍ട്ട്. ചൈനയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന നഗരമാണ് ഷാങ്ഹായ്. ഈ നഗരത്തിലാണ് മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചത്. മൂന്ന് മുതിര്‍ന്ന വ്യക്തികളുടെ മരണമാണ് സ്ഥിരീകരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 89, 91 വയസുള്ള രണ്ട് സ്ത്രീകളും 91 വയസുള്ള ഒരു പുരുഷനുമാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂന്ന് പേര്‍ക്കും ഉണ്ടായിരുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഭരണകൂടം കടുപ്പിച്ചിരുന്നു. ചൈനയിലെ പ്രധാന വ്യവസായ നഗരമായ ഷാങ്ഹായില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ആഴ്ച പുറത്തുവന്നത്. നഗരത്തിലെ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നും ഇതിലൂടെ രോഗവ്യാപനം കുറക്കാമെന്നുമാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്ന നിര്‍ദേശം. കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വലിയ നിരീക്ഷണം സംവിധാനങ്ങളും നഗരത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.