യുഎഇയിൽ പുതിയ എൻട്രി, റെസിഡൻസി വിസാ നിയമങ്ങളുടെ പരിഷ്‌കരണം ഈ വർഷം സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.
ഇന്നലെ തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ സംവിധാനത്തിന് കീഴിൽ, യുഎഇയിൽ 10 തരം എൻട്രി വിസകളും അഞ്ച് വർഷം വരെയുള്ള പുതിയ റെസിഡൻസി വിസകളും പ്രഖ്യാപിച്ചു, പുതിയ എൻട്രി ആൻഡ് റെസിഡൻസ് സ്കീമിന്റെ ഭാഗമായി യുഎഇ ഗോൾഡൻ റെസിഡൻസ് വിസയുടെ നിയമങ്ങളും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള യുഎഇ കാബിനറ്റ്, യുഎഇയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറൽ ഡിക്രി-ലോയുടെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾക്ക് ഇന്നലെ തിങ്കളാഴ്ച അംഗീകാരം നൽകുകയായിരുന്നു.
ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും അനുയോജ്യമായ സ്ഥലമെന്ന നിലയിൽ യുഎഇ സ്ഥാനം ശക്തിപ്പെടുത്തുകയാണ് ഈ നിയമങ്ങൾ ലക്ഷ്യമിടുന്നത്.
പുതിയ ‘ഗ്രീൻ വിസകൾ’ സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യുഎഇയിൽ താമസിക്കാനും അനുമതി നൽകുന്നതാണ്.
സ്വയം തൊഴിൽ, ഫ്രീലാൻസ് ജോലികൾ, വിദഗ്ധതൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും അഞ്ച് വർഷത്തെ ഗ്രീൻവിസ നൽകുക. വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് ബിരുദം ആവശ്യമാണ്. മാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം വേണം. യുഎഇയിൽ ഏതെങ്കിലും സ്ഥാപനവുമായി തൊഴിൽ കരാറുണ്ടായിരിക്കണം. തൊഴിൽമന്ത്രാലയത്തിൽ നിന്ന് സ്വയം തൊഴിൽ അനുമതി നേടണം. ഡിഗ്രിയോ ഡിപ്ലോമയോ വേണം. മുൻവർഷം കുറഞ്ഞത് 3,60,000 ദിർഹം വരുമാനമുണ്ടാക്കിയിരിക്കണം. കമ്പനികളിലെ നിക്ഷേപകർകർക്കും പാർടണർമാക്കും അഞ്ച് വർഷത്തെ ഗ്രീൻവിസ ലഭിക്കും. യുഎഇയിൽ റിട്ടയർമമെന്‍റ് ജീവിതം ആഗ്രഹിക്കുന്നവർക്കും മാനദണ്ഡങ്ങൾക്ക് വിധേയമായി അഞ്ച് വർഷത്തെ ഗ്രീൻ വിസ നൽകും.
ഭർത്താവ് മരിച്ച യുഎഇ റെസിഡന്‍റ് വിസക്കാരികൾക്ക് മക്കൾ യുഎഇയിലുണ്ടെങ്കിൽ മാനുഷിക പരിഗണനയിൽ ഗ്രീൻവിസ ലഭിക്കും. മറ്റ് രാജ്യങ്ങളിലെ ജോലികൾ യുഎഇയിൽ ഇരുന്ന് ചെയ്യുന്നതിന് ഒരുവർഷത്തെയും റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് രണ്ടുവർഷത്തെയും ഗ്രീൻവിസക്ക് അർഹതയുണ്ടാകും. ഗ്രീൻവിസക്കാർക്ക് തങ്ങളുടെ വിസാ കാലാവധിയുടെ അത്ര കുടുംബത്തെയും സ്പോൺസർ ചെയ്യാം. 25 വയസ് വരെ ആൺമക്കളെ സ്പോൺസർ ചെയ്യാം. പെൺമക്കളെ പ്രായപരിധിയില്ലാതെ സ്പോൺസർ ചെയ്യാം.