ഷാർജയിലെ അൽ ഖരിയാൻ ഏരിയ റോഡിൽ വ്യാഴാഴ്ച രാത്രി ഒരു കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ 30 കാരനായ പാകിസ്ഥാൻ വാഹനയാത്രികൻ മരിച്ചതായി ഷാർജ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആദ്യം ആശുപത്രിയിലേക്കും പിന്നീട് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കും മാറ്റി. കൂട്ടിയിടിച്ചതിന് ശേഷം, ഇയാളുടെ കാർ റോഡിൽ നിന്ന് തെന്നിമാറി നടപ്പാതയിൽ ചെന്നെത്തുകയായിരുന്നു, മറ്റേ കാറിന്റെ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അമിതവേഗവും ഗതാഗത നിയമലംഘനവുമാണ് അപകടത്തിന് കാരണമായി വാസിത് പോലീസ് സ്‌റ്റേഷൻചൂണ്ടിക്കാട്ടുന്നത്. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുകയും എല്ലാ സമയത്തും വേഗപരിധി പാലിക്കുകയും വേണമെന്ന് ഷാർജ പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.