ദുബായിലെ ഇ-സ്കൂട്ടർ ഉപയോക്താക്കൾക്ക് ഏപ്രിൽ 28 മുതൽ സൗജന്യ ഡ്രൈവിംഗ് പെർമിറ്റിന് അപേക്ഷിക്കാൻ കഴിയുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ദുബായിൽ ചില റോഡുകളിലൂടെ ഇ-സ്കൂട്ടർ ഓടിക്കാൻ ഡ്രൈവിംഗ് പെർമിറ്റ് നിർബന്ധമാണെന്ന് RTA നേരത്തെ പ്രഖ്യാപിച്ചിരുന്നു
ആർടിഎയുടെ വെബ്‌സൈറ്റിൽ സമാരംഭിച്ച ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി സൗജന്യ ഡ്രൈവിംഗ് പെർമിറ്റ് ലഭിക്കും. പെർമിറ്റ് ലഭിക്കുന്നതിന് ആർടിഎയുടെ വെബ്‌സൈറ്റിൽ ലഭ്യമായ ബോധവൽക്കരണ പരിശീലന കോഴ്‌സിൽ വിജയിക്കേണ്ടതുണ്ട്. ഇ-സ്കൂട്ടർ ഉപയോഗിക്കുന്നയാളുടെ പ്രായം 16 വർഷത്തിൽ കുറയാനും പാടില്ല. സ്കൂട്ടറിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും ഓടിക്കാൻ അനുവാദമുള്ള റോഡുകളെക്കുറിച്ചും ക്ലാസുണ്ടാകും.
അനുമതിയില്ലാതെ ഇ-സ്കൂട്ടർ ഓടിച്ചാൽ 200 ദിർഹം പിഴയീടാക്കും. വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ പിഴ ലഭിക്കും. 200 ദിർഹം പിഴയായിരിക്കും ലഭിക്കുന്നത്. പാർക്ക് ചെയ്യാൻ അനുവദിച്ച സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യുക. അല്ലാത്ത സ്ഥലങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുഗതാഗത സ്റ്റേഷനുകൾക്ക് സമീപം ആണ് പാർക്കിങ് അനുവദിക്കുന്നത്.
റൈഡർമാർ അവരെ തിരിച്ചറിയുന്ന വസ്ത്രങ്ങളും ഹെൽമെറ്റുകളും ധരിച്ചായിരിക്കണം സ്ക്കൂട്ടർ ഓടിക്കേണ്ടത്. സാധനങ്ങൾ കൊണ്ടുപോകാൻ ഇ–സ്കൂട്ടർ ഉപയോഗിക്കരുത്. കാൽനടയാത്രക്കാരിൽ നിന്നും മറ്റുവാഹനങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കണം. വെള്ള ഹെഡ്‌ലൈറ്റ്, ചുവപ്പ്, റിഫ്‌ളക്‌റ്റീവ് ലൈറ്റുകൾ എന്നിവ ഇ–സ്കൂട്ടറിൽ ഉണ്ടായിരിക്കണം.