കൊവിഡ് പ്രതിരോധ വാക്സിൻ ആരിലും നിര്‍ബന്ധിച്ച് കുത്തിവെക്കരുതെന്ന് സുപ്രീംകോടതി. സര്‍ക്കാരിന്‍റെ വാക്സിന് നയത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിലും വാക്സിന്‍ എടുക്കാത്തതിന്‍റെ പേരില്‍ ആരെയും പൊതു ഇടങ്ങളില്‍ വിലക്കരുതെന്നും സുപ്രീംകോടതി വിധിച്ചു. വാക്സിന്‍ എടുക്കുന്നതുപോലെ തന്നെ വാക്സിന്‍ എടുക്കാതിരിക്കാനുള്ള അവകാശവും ഒരു പൗരനുണ്ട്.
അതിനാല്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ ആരിലും നിര്‍ബന്ധിച്ച് കുത്തിവെക്കാനാകില്ല. വാക്സിനെടുക്കാത്തതിന്‍റെ പേരില്‍ ആരെയങ്കിലും പൊതു ഇടങ്ങളില്‍ വിലക്കാനോ, അവര്‍ക്കെതിരെ വിലക്കുകള്‍ പ്രഖ്യാപിക്കാനോ സാധിക്കില്ല. അത്തരത്തില്‍ എന്തെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അത് പിന്‍വലിക്കാനും ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു.
വാക്സിന്‍ നിര്‍ബന്ധിച്ച് കുത്തിവെക്കുന്നത് ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി. വാക്സിന്‍റെ ഫലപ്രാപ്തി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. വാക്സിനുകള്‍ക്കെതിരെ ഹര്‍ജിക്കാര്‍ നല്‍കിയ വിവരങ്ങള്‍ തള്ളിക്കളയാന്‍ എന്തെങ്കിലും പഠന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാരും നല്‍കുന്നില്ല.
അതിനാല്‍ വാക്സിന്‍റെ പാര്‍ശ്വഫലങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി വിധിച്ചു. സര്‍ക്കാരിന്‍റെ വാക്സിന് നയത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് പറഞ്ഞ കോടതി കൊവിഡ് ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ പൊതുതാല്പര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ തടസ്സമില്ലെന്നും വ്യക്തമാക്കി.