ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും. പോസ്റ്റ്മോർട്ടം നടത്താൻ ആർഡിഒയുടെ അനുമതി ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്റഫ് ആര്‍ഡിഒക്ക് മുമ്പാകെ നൽകിയ അപേക്ഷയ്ക്കാണ് അനുമതി ലഭിച്ചത്.
ദുബായില്‍ വെച്ച് റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. പൊലീസില്‍ നല്കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനില്‍ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.
മാർച്ച് ഒന്നിന് ദുബായ് ജലാലിയയിലെ ഫ്ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പൊലീസിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്.