ഇന്നലെ ബുധനാഴ്ച രാവിലെ ഷാർജയിലെ അൽ ഹംരിയ പ്രദേശത്ത് നീന്തുന്നതിനിടെ 31 കാരനായ ഒരാൾ മുങ്ങി മരിച്ചതായി ഷാർജ പോലീസ് പറഞ്ഞു. മറ്റൊരു സംഭവത്തിൽ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഉമ്മുൽ ഖുവൈൻ ബീച്ചിൽ നിന്ന് നീന്തുന്നതിനിടെ ഒരു ഏഷ്യക്കാരനും മുങ്ങിമരിച്ചു.
ബുധനാഴ്ച രാവിലെ അൽ ഹംരിയ ഏരിയയിൽ നടന്ന സംഭവത്തെക്കുറിച്ച് പോലീസ് ഓപ്പറേഷൻസ് റൂമിലേക്ക് ഒരു കോൾ ലഭിച്ചു. ആംബുലൻസും രക്ഷാപ്രവർത്തകരും പട്രോളിംഗും ഉൾപ്പെടെ പോലീസ് സംഭവസ്ഥലത്തെത്തി. രാവിലെ 6.30ഓടെ സ്ഥലത്തെത്തിയ ലൈഫ് ഗാർഡാണ് സംഭവം അറിയിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ കടലിൽ ഇറങ്ങിയ ശേഷം കാണാതായതായി മരിച്ചയാളുടെ സുഹൃത്ത് ലൈഫ് ഗാർഡിനോട് പറഞ്ഞു.
രാവിലെ 10 മണിയോടെയാണ് രക്ഷാപ്രവർത്തകർ മൃതദേഹം കടലിൽ നിന്ന് പുറത്തെടുത്തത്. ഇയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ്മോർട്ടത്തിനായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഉമ്മുൽ ഖുവൈൻ ബീച്ചിലുണ്ടായ സംഭവത്തിൽ, ആദ്യം മൂന്ന് പേർ കടലിൽ മുങ്ങിപോയെങ്കിലും അവരിൽ രണ്ടുപേരെ രക്ഷപ്പെടുത്തുകയും മൂന്നാമൻ മരിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഉമ്മുൽ ഖുവൈൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്നും വേലിയേറ്റ സമയത്തും അസ്ഥിരമായ കാലാവസ്ഥയിലും നീന്തുന്നത് ഒഴിവാക്കണമെന്നും ഷാർജ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.