കൊലപാതകക്കുറ്റത്തിന് ഒരു പാക്കിസ്ഥാനിയെ ഷാർജ പോലീസിന്റെ ജനറൽ കമാൻഡിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ സ്വന്തം നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി നാട്ടുകാരനെ നിരവധി തവണ കുത്തി കൊലപ്പെടുത്തിയെന്നാണ് പരാതി.
സംഭവത്തെക്കുറിച്ച് വ്യാഴാഴ്ച രാത്രി പോലീസ് ഓപ്പറേഷൻസ് റൂമിലേക്ക് ഒരു കോൾ ലഭിക്കുകയും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കും പിന്നീട് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കും മാറ്റിയിരിക്കുകയാണ്.
സംഭവം കണ്ട ദൃക്സാക്ഷികളെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.