ന്യൂയോർക്കിൽ 18കാരനായ അക്രമി നടത്തിയ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു.ന്യൂയോർക്കിലെ ബഫല്ലോയിലാണ് വെടിവയ്പ്പ് ഉണ്ടായത്. ടോപ്സ് ഫ്രണ്ട്ലി മാർക്കറ്റ് എന്ന സൂപ്പർ മാർക്കറ്റിലാണ് 18കാരൻ വെടിവയ്പ്പ് നടത്തിയത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമെറ്റും ധരിച്ചെത്തിയ അക്രമി വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ തൽസമയം ഹെൽമെറ്റിൽ വച്ചിരുന്ന ക്യാമറയിലൂടെ സ്ട്രീം ചെയ്തു.അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി.ന്യൂയോർക്ക് സ്വദേശിയായ പേറ്റൺ ജൻറോം ആണ് ആക്രമണം നടത്തിയത്.
കൊല്ലപ്പെട്ടുകയും പരുക്കേൽക്കുകയും ചെയ്ത 11 പേരും കറുത്ത വർഗക്കാരാണ്. വംശീയ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണർ ജോസഫ് ഗ്രമാൽഗിയ പറഞ്ഞു. സുരക്ഷാ ജാക്കറ്റുകളും ഹെൽമെറ്റും ധരിച്ചിരുന്നതിനാൽ അക്രമിയെ വെടിവച്ച് വീഴ്ത്താനുള്ള പൊലീസിന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല. സൂപ്പർ മാർക്കറ്റിന്റെ സുരക്ഷാ ജീവനക്കാരൻ അക്രമിക്ക് നേരെ ആദ്യം വെടിവച്ചിരുന്നു. പിന്നീട് അക്രമി സുരക്ഷാ ജീവനക്കാരനെയും കൊലപ്പെടുത്തി.
കൂടുതൽ പൊലീസ് എത്തിയതിനെ തുടർന്നാണ് അക്രമി വെടിവയ്പ്പ് അവസാനിപ്പിച്ചത്. പിന്നീട് പൊലീസ് സൂപ്പർമാർക്കറ്റിലേക്ക് കടന്നപ്പോൾ ഇയാൾ അക്രമി കീഴടങ്ങാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. തോക്ക് താഴെ വച്ച് സുരക്ഷാ ജാക്കറ്റുകൾ അഴിച്ചു മാറ്റിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വംശീയ ആക്രമണമാണ് നടന്നതെന്നതിനാൽ തന്നെ സ്ഥലത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ബഫല്ലോ മേഖലയിൽ കൂടുതലായും കറുത്ത വർഗക്കാരാണ് താമസിക്കുന്നത്. വെടിവയ്പ്പിൽ പരുക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണം ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.