വിദ്വേഷ പ്രസംഗ കേസില്‍ മുൻ എം.എൽ.എ പി.സി ജോർജ് കസ്റ്റഡിയിൽ. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരായ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജോർജിനെതിരെ പ്രതിഷേധിച്ച് പി.ഡി.പി പ്രവർത്തകരും രംഗത്തുണ്ട്. പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി നേതാക്കൾ പോലീസ് സ്റ്റേഷനിലെത്തി. നിയമം പാലിക്കുന്നുവെന്ന് അറിയിച്ച ശേഷമായിരുന്നു പി.സി സ്റ്റേഷനിൽ ഹാജരായത്. ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയുടെ വിധിക്ക് പിന്നാലെയായിരുന്നു പി.സി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരായത്.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. ആവശ്യമെങ്കിൽ എപ്പോള്‍ വേണമെങ്കിലും പോലീസിന് ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്നും കോടതി അറിയിച്ചു. സർക്കാർ സമർപ്പിച്ച അപേക്ഷയിലാണ് നടപടി. ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പ്രസംഗം. നിരവധി പേർ ജോർജിനെതിരെ പരാതി നൽകിയിരുന്നു. കേസിൽ അറസ്റ്റിലായ പി.സി ജോര്‍ജിന് മജിസ്‌ട്രേറ്റ് ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍, ജാമ്യം ലഭിച്ചതിന് ശേഷവും എറണാകുളം വെണ്ണലയില്‍ പി.സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തി. ഇതോടെയാണ് ജാമ്യം റദ്ദാക്കിയത്.