പ്രവാചകനെതിരായ ബി.ജെ.പി. നേതാവിന്റെ വിദ്വേഷ പരാമർശത്തെ അപലപിച്ച് കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. ഇറാൻ, ഇറാഖ്, ഖത്തർ, സൗദി അറേബ്യ, ഒമാൻ, യുഎഇ, കുവൈത്ത്, ജോർദാൻ, അഫ്ഗാനിസ്താൻ, മാലദ്വീപ്, ലിബിയ, ഇൻഡോനേഷ്യ തുടങ്ങി 15 രാജ്യങ്ങൾ പ്രസ്താവനയിൽ ഇതുവരെ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യങ്ങൾ സ്ഥാനപതിമാരെ വിളിച്ച് വരുത്തിയും അല്ലാതെയും പ്രതിഷേധമറിയിച്ചപ്പോൾ ചില രാജ്യങ്ങൾ ഇന്ത്യൻ സർക്കാരിനോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ടു.
ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ നൂപുർ ശർമക്കെതിരെ മെയ് 28-നാണ് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുംബൈ റാസ അക്കാദമി ജോയന്റ് സെക്രട്ടറി ഇർഫാൻ ഷൈഖ് നൽകിയ പരാതിയിലാണ് എഫ്.ഐ.ആർ. ബോധപൂർവ്വം മതവികാരം വ്രണപ്പെടുത്തൽ, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചേർത്താണ് കേസ്.