യുഎഇയിൽ കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 2022 ജൂൺ 15 മുതൽ ഉച്ചക്ക് 12:30 മുതൽ 3:00 മണി വരെ നിര്‍ബന്ധിത ഉച്ചവിശ്രമം അനുവദിക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. ഉച്ചവിശ്രമനിയമം സെപ്റ്റംബർ 15 വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
ചട്ടം അനുസരിച്ച്, നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് 12:30-3pm വരെ അനുവദിക്കില്ല. തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും വേനൽക്കാലത്ത് ഉയർന്ന താപനിലയിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമാണ് ഇത്.
തുടർച്ചയായ 18-ാം വർഷവും നടപ്പിലാക്കിയ ഈ നിയമം തൊഴിലാളികളുടെ ചൂട് ക്ഷീണവും ഹീറ്റ് സ്ട്രോക്കും നേരിടുന്ന കേസുകളിൽ ഗണ്യമായ കുറവുണ്ടാക്കാൻ കാരണമായിട്ടുണ്ട്.
നിയമം ലംഘിച്ച് ഈ സമയങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിച്ചാല്‍ ഏതൊരു സ്ഥാപനത്തിനും ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതിലാണ് പിഴ നൽകേണ്ടി വരിക. കൂടുതൽ പേരുണ്ടെങ്കിൽ പരമാവധി 50,000 ദിർഹമായിരിക്കും പിഴ.