മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷനുമായ യശ്വന്ത് സിൻഹയെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാർഥിയായി തീരുമാനിച്ചു. സിൻഹയെ സ്ഥാനാർഥിയായി തീരുമാനിച്ചതായി കോൺഗ്രസ് നേതാവ് ജയ്റാം രമേശ് അറിയിച്ചു. അദ്ദേഹത്തിന് വോട്ട് ചെയ്യാൻ എല്ലാ കക്ഷികളോടും അഭ്യർഥിക്കുന്നതായും ജയ്റാം രമേശ് പറഞ്ഞു.
രാഷ്ട്രപതി സ്ഥാനാർഥിയായി മത്സരിക്കുന്നതിനായി യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. വലിയ ദേശീയ ലക്ഷ്യത്തിനായി പാർട്ടിയിൽനിന്നും വിട്ടു നിൽക്കേണ്ട സമയമായെന്നും പ്രതിപക്ഷ ഐക്യത്തിനുവേണ്ടി പ്രവർത്തിക്കേണ്ട സമയമായന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.