ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ജൂൺ 28 ന് യുഎഇ സന്ദർശിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജൂൺ 26 മുതൽ 28 വരെ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്ന പ്രധാനമന്ത്രി ജർമ്മനിയിൽ നിന്ന് യുഎഇയിലേക്ക് പോകും. “ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം, മുൻ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ എച്ച്.എച്ച്. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ വ്യക്തിപരമായ അനുശോചനം രേഖപ്പെടുത്താൻ പ്രധാനമന്ത്രി ജൂൺ 28 ന് യുഎഇയിലേക്ക് പോകും. യുഎഇയുടെ പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനുള്ള അവസരം പ്രധാനമന്ത്രി ഉപയോഗിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഈ വർഷം ജനുവരിയിൽ മോദി യുഎഇയിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് മാറ്റിവക്കുകയായിരുന്നു. യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ഒപ്പുവെച്ചതിന് പിന്നാലെയാണ് അടുത്ത ആഴ്ചത്തെ സന്ദർശനം.