ഷാർജ എമിറേറ്റിലെ പ്രശസ്തമായ ചാരിറ്റബിൾ സ്ഥാപനത്തിൽ രണ്ട് മാസം പ്രായമുള്ള മകനെ ഉപേക്ഷിച്ച് പോയ അറബ് യുവതിയെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.
ചാരിറ്റി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ശിശുവിനെ കണ്ടെത്തിയതായി സംഘടനയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിയോടെ റിപ്പോർട്ട് ലഭിച്ചതായി ഷാർജ പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ബൗവൽസോഡ് പറഞ്ഞു.
കാമറകൾ പരിശോധിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരന്റെ അഭാവം മുതലെടുത്ത് ഒരു സ്ത്രീ പരിസരത്തേക്ക് പ്രവേശിക്കുന്നത് പോലീസ് കണ്ടു. തുടർന്ന് ഒരു ഓഫീസിന്റെ കവാടത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ച് അറബ് യുവതി കടന്നു കളഞ്ഞതായും കണ്ടെത്തി.
യുവതിയെ കണ്ടെത്താൻ ഉടൻ തന്നെ സിഐഡി സംഘം അന്വേഷണം ആരംഭിച്ചതായി കേണൽ ബൗവൽസോഡ് പറഞ്ഞു. സിഐഡി സംഘത്തിന്റെ ശ്രമഫലമായി അഞ്ച് മണിക്കൂറിനുള്ളിൽ അമ്മയെ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചു. ചൈൽഡ് റൈറ്റ്സ് സംരക്ഷണ കേന്ദ്രവുമായി സഹകരിച്ച്, അവർക്ക് എത്രയും വേഗം അവളെ സമീപിക്കാനും അവളെ അറസ്റ്റ് ചെയ്യാനും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യാനും കഴിഞ്ഞു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സ്ഥിരീകരിച്ചു.
ചോദ്യം ചെയ്യലിൽ, തന്റെ കുഞ്ഞ് അനധികൃത ബന്ധത്തിന്റെ ഫലമാണെന്നും അവനെ ഒഴിവാക്കാൻ തീരുമാനിച്ചതായും യുവതി സമ്മതിച്ചു.