വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ പോകുന്ന യാത്രക്കാരെക്കുറിച്ചുള്ള യാത്രാ സംബന്ധമായ വിവരങ്ങൾ ഇന്ത്യയിലെ എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർ പങ്കുവെക്കണമെന്ന് ധനമന്ത്രാലയത്തിന്റെ അപ്‌ഡേറ്റ് ഉദ്ധരിച്ച് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിയമ ലംഘകർ രാജ്യം വിടുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം കള്ളക്കടത്ത് പോലുള്ള അനധികൃത വ്യാപാരവും പരിശോധിക്കും. ‘യാത്രക്കാരുടെ അപകടസാധ്യത വിശകലനം’ നടത്തുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (CBIC)-സ്ഥാപിത ഏജൻസിയായ നാഷണൽ കസ്റ്റംസ് ടാർഗെറ്റിംഗ് സെന്റർ-പാസഞ്ചറുമായി (NCTC-P) വിവരങ്ങൾ പങ്കിടും.
ധനമന്ത്രാലയത്തിന് കീഴിലുള്ള സിബിഐസി ഇത് സംബന്ധിച്ച് ‘പാസഞ്ചർ നെയിം റെക്കോർഡ് ഇൻഫർമേഷൻ റെഗുലേഷൻസ്, 2022’ എന്ന പേരിൽ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് യാത്രക്കാരന്റെ പേര്, യാത്ര ചെയ്യുന്ന തീയതി, യാത്രക്കാരനെ ബന്ധപ്പെടാനുള്ള ലഭ്യമായ വിവരങ്ങള്‍, പണമൊടുക്കുന്നതോ ബില്ലൊടുക്കുന്നതോ ആയ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, കണ്‍ഫര്‍മേഷന്‍, ചെക്ക്-ഇന്‍-സ്റ്റാറ്റസ്, ബാഗേജ് വിവരങ്ങള്‍, ടിക്കറ്റ് അനുവദിച്ചു നല്‍കിയ ട്രാവല്‍ ഏജന്‍സിയുടേയോ ഏജന്റിന്റേയോ വിവരം തുടങ്ങിയവ ഉള്‍പ്പെടെ 19 ഡാറ്റ പോയിന്റുകളാണ് കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറേണ്ടത്.
നിലവില്‍ യാത്രയുടെ ആരംഭത്തിലോ ഒടുക്കത്തിലോ മാത്രമാണ് യാത്രക്കാരുടെ വിവരം കസ്റ്റംസിന് ലഭിക്കുന്നതെന്നും മുന്‍കൂട്ടി വിവരം ലഭ്യമാകുന്നതിലൂടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും സഹായകമാകുമെന്നാണ് സിബിഐസി പ്രതീക്ഷിക്കുന്നത്.