37,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റുമാര്‍ ( pilots) ഉറങ്ങിപ്പോയി. സുഡാനിലെ ( Sudan) ഖാര്‍ട്ടൂമില്‍ ( Khartoum) നിന്ന് എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയിലേക്ക് (Addis Ababa) പറന്ന എത്യോപ്യന്‍ എയര്‍ലൈന്‍സിലാണ് അസാധാരണ സംഭവം നടന്നത്. ബോയിങ് 737-800 ഇടി-343 യിലെ രണ്ട് പൈലറ്റുമാരാണ് ഉറങ്ങിപ്പോയതെന്നാണ് ഏവിയേഷന്‍ ഹെറാല്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തത്.
വിമാനം ഓട്ടോ പൈലറ്റായിരുന്നതുകൊണ്ട് തന്നെ ഫ്‌ളൈറ്റ് മാനേജ്‌മെന്റ് കമ്പ്യൂട്ടര്‍ (എഫ്എംസി) വഴി റൂട്ട് സജ്ജീകരിച്ച ശേഷമായിരുന്നു പൈലറ്റുമാരുടെ ഉറക്കം. എന്നാല്‍ നിര്‍ദേശിക്കപ്പെട്ട റണ്‍വേയില്‍ വിമാനം ഇറങ്ങാത്തതിനെ തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) പൈലറ്റുമാരായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.
അതേസമയം, നിര്‍ദേശിക്കപ്പെട്ട റണ്‍വേ മറികടന്നതോടെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് ഉച്ചത്തിൽ അലാറം മുഴങ്ങിയതോടെയാണ് പൈലറ്റുമാര്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. എന്നാല്‍ വിമാനം ഇതിനകം തന്നെ റണ്‍വേയില്‍ ഇറങ്ങാന്‍ 25 മിനിറ്റിലധികം വൈകിയിരുന്നു. തുടര്‍ന്ന് അടിയന്തിര സജ്ജീകരണങ്ങള്‍ ഒരുക്കി വിമാനം റണ്‍വേയില്‍ ഇറക്കുകയായിരുന്നു.