മൂന്ന് ദിവസത്തെ യുഎഇ സന്ദർശനത്തിന് തുടക്കം കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ സുബ്രഹ്മണ്യം ജയശങ്കർ ഇന്ന് ബുധനാഴ്ച ദുബായിൽ എത്തി.
യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ അഫയേഴ്‌സ് വിഭാഗത്തിന്റെ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുല്ല മുഹമ്മദ് അൽബ്ലൂക്കി, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ദുബായ് കോൺസുലേറ്റ് ജനറൽ ഡോ അമൻ പുരി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ഡോ ജയശങ്കർ 14-ാമത് ഇന്ത്യ-യുഎഇ ജോയിന്റ് കമ്മീഷൻ മീറ്റിംഗിലും മൂന്നാമത് ഇന്ത്യ-യുഎഇ സ്ട്രാറ്റജിക് ഡയലോഗിലും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാനുമായി സഹ അധ്യക്ഷനാകും.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പാക്കിയതിന് ശേഷം ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് വളർന്നിട്ടുണ്ട്. ഇത് സാമ്പത്തിക സഹകരണത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് നയിക്കുകയും ചരിത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. സ്വതന്ത്ര വ്യാപാര ഉടമ്പടി അഞ്ച് വർഷത്തിനുള്ളിൽ എണ്ണ ഇതര വ്യാപാരത്തെ 100 ബില്യൺ ഡോളറിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
”ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തവും പ്രാദേശിക, ആഗോള സംഭവവികാസങ്ങളും അവലോകനം ചെയ്യാൻ ഈ യോഗങ്ങൾ രണ്ട് മന്ത്രിമാർക്കും അവസരം നൽകും,” മന്ത്രാലയം പറഞ്ഞു.