സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം ഇന്ന്. രണ്ട് വർഷം കോവിഡ് കവർന്നെടുത്ത ഓണം പഴയ പ്രൗഢിയോടെ വീണ്ടും ആഘോഷമാക്കുകയാണ് പ്രവാസി മലയാളികൾ. ഓണക്കോടിയും, പൂക്കളവും, സദ്യയും, ഓണക്കളികളുമൊക്കെയായി ഒത്തുകൂടലിന്റെ ആഘോഷ തിമിർപ്പിലാണ് ആളുകളെല്ലാം.
ഓണത്തിന് യു എ ഇയിൽ അവധിയില്ലെങ്കിലും ആഘോഷത്തിൽ ആരും പിന്നിലല്ല. ഓഫിസുകളിൽ ഓണം ഗംഭീരമായി ആഘോഷിക്കുന്നുണ്ട്. യുഎഇയിലെ പ്രവാസി മലയാളികളെല്ലാവരും ഓണ ലഹരിയാൽ നിറഞ്ഞിരിക്കുകയാണ്.
യുഎഇയിലെ ഓണം ഒരു ദിവസം കൊണ്ടു തീരുന്നതല്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സംഘടനകളുടെ നേതൃത്വത്തിലും എല്ലാ ആഴ്ചയും ഓണാഘോഷവും കലാപരിപാടികളും ഉണ്ടാകും. ഐശ്വര്യപൂർണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചിരുന്നു.