Search
Close this search box.

ദുബായ് വാർത്തക്ക് കസാഖിസ്ഥാൻ യാത്രയിൽ എയർ അറേബ്യയുടെ ആദരം

Air Arabia honors Dubai news on Kazakhstan trip

” ദുബായ് വാർത്തയുടെ അഞ്ചാം വാർഷികം ആഘോഷിക്കാൻ കസാഖിസ്ഥാനിലേക്കു പോകുന്ന അതിന്റെ പ്രവർത്തകർക്ക് എയർ അറേബ്യയുടെ ആശംസകൾ”

ഷാർജയിൽനിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തു ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആംഗലേയ ഭാഷയിൽ ഇങ്ങനൊരു അനൗൺസ്‌ മെന്റ് അപ്രതീക്ഷിതമായി മുഴങ്ങിയപ്പോൾ അഭിമാനമുയർന്നത് ആകാശത്തോളം .
ഇതു ദുബായ് വാർത്തയുടെ പ്രവർത്തകർക്ക് മാത്രമല്ല , ഏഴര ലക്ഷം വരുന്ന അതിന്റെ ഫോളോവേഴ്‌സിനും അഭിമാനിക്കാൻ വക നൽകുന്ന ഒന്നാണ് .
അത് ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നതിൽ ഞങ്ങൾക്ക് അനല്പമായ അഭിമാനമുണ്ട് .

അപ്രതീക്ഷിതമായ ഈ അനൗൺസ്‌മെന്റിലും തുടർന്നുണ്ടായ കയ്യടിയിലും ആശ്ചര്യ ഭരിതരായ യാത്രികരിൽ , മലയാളികളല്ലാത്തവരിൽ ചിലർ (യാത്രക്കാരിൽ കൂടുതലും സെൻട്രൽ ഏഷ്യൻ വംശജരായിരുന്നു )
എന്താണ് ദുബായ് വാർത്ത എന്നന്വേഷിച്ചു .
” ദുബായ്‌വാർത്ത എന്നത് ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയായ മലയാളത്തിലുള്ള ന്യൂസ് പോർട്ടൽ ആണെന്നും അതിനു ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ടെന്നും അതിപ്പോൾ വിജയകരമായ അഞ്ചുവർഷം പൂർത്തീകരിച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ കസാഖിസ്ഥാൻ യാത്ര തങ്ങൾ നടത്തുന്നതെന്നും ദുബായ് വാർത്തയുടെ ജനറൽ മാനേജർ ദീപ ഗണേഷ് ഹ്രസ്വ വിവരണം നൽകി. അപ്പോൾ അവരിൽ നിന്നുമുണ്ടായി അഭിനന്ദനം.

24 പേരടങ്ങുന്നതായിരുന്നു യാത്രാ സംഘം . പ്രേക്ഷകരിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരും ഇതിൽ ഉൾപ്പെട്ടിരുന്നു .

അത്യാകർഷകം ,കസാഖിസ്ഥാൻ !

യൂ എ ഇ യിൽനിന്ന് നാലുമണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന , ഇന്ത്യക്കാർക്ക് വിസയില്ലാതെ, ഭാരിച്ചപണച്ചിലവില്ലാതെ പോയ് വരാൻ കഴിയുന്ന ശാന്തസുന്ദരമായ ഒരു രാജ്യമാണ് കസാഖിസ്ഥാൻ .

റഷ്യയും ചൈനയും അതിരിടുന്ന , സാസ്കാരികപരമായി യൂറോപ്പിനെ കയ്യെത്തിതൊടുന്ന മധ്യേഷ്യൻ രാജ്യം .
വിസ്‌തൃതിയിൽ ഇന്ത്യയുടെ പാതിയിലേറെവരും . ജനസംഖ്യയാകട്ടെ കേരളേതിന്റെതിനേക്കാൾ കുറവും .അതായത്‌ രണ്ടുകോടിക്കും താഴെ . നിവാസികളിൽ 74ശതമാനം മുസ്ലിങ്ങളും 26 ശതമാനം ഓർത്തഡോക്സ് കൃസ്ത്യൻസുമാണ് .

കസാഖിസ്ഥാനിന്റെ വാണിജ്യ നഗരമായ അല്‍മാട്ടിയാണ് സന്ദർശകരുടെ പ്രധാന ഡെസ്റ്റിനേഷൻ . ഞങ്ങളുടെ യാത്രയും അവിടേക്കായിരുന്നു .
ഷാർജയിൽനിന്നു രാവിലെ 10മണിക്ക് പുറപ്പെട്ടു നാലുമണിക്കൂർ പറന്ന് അൽമാട്ടിയിലെത്തി .
2798 കിലോമീറ്റർ ദൂരം വിമാനം പിന്നിടുന്നത്തിന്റ ‘റൂട്ട് മാപ്പ് ‘ തലയ്ക്കുമുകളിൽ കാണാവുന്ന മോണിറ്ററുകള്‍ അനുനിമിഷം പറഞ്ഞുതരുന്നുണ്ടായിരുന്നു .

യൂ എ ഇ യെയും ഇറാനെയും വേർതിരിക്കുന്ന ബന്തർ അബ്ബാസ് കടലിടുക്ക് വിമാനം കടക്കുന്നതിന്റെ രേഖാ ചിത്രം മോണിറ്ററിൽ കൊണ്ടിരിക്കുമ്പോൾ കുടിയേറ്റ ചരിത്രം അറിയുന്നവർ അതിലേക്ക് ഒന്ന് ഉറ്റുനോക്കിപ്പോകും .
നമ്മുടെ പൂർവികർ പത്തേമാരികയറി റാസൽഖൈമവഴി ദുബായിലും മറ്റും എത്തിച്ചേരുന്നതിനും ഏറെമുമ്പ് ഇവിടേക്ക് കുടിയേറിയവരാണ് ഇറാനികൾ . അത്ര ആയാസമില്ലാതെ വന്നുചേരാൻ അവര്‍ക്ക്‌ വഴിയൊരുക്കിയത് ഈ ബന്തർ അബ്ബാസ് കടലിടുക്കാണ് .

ടെഹ്‌റാന്‍ , താഷ്കന്റ് (ഉസ്ബക്കിസ്ഥാൻ )അഫ്ഘാനിസ്ഥാൻ തുർക്കിസ്ഥാൻ , ക്രീഗിസ്ഥാൻ എന്നീ രാജ്യങ്ങളുടെ മീതെയാണ് വിമാനത്തിന്റെ സഞ്ചാരപഥം എന്ന്‌ മോണിറ്ററിൽ ഭൂപടം കാട്ടിയുള്ള എയർ അറേബ്യയുടെയാത്ര വിജ്‍ഞാനം വിളമ്പുന്നതായി .

അൽമാട്ടി ഇന്റർനാഷണൽ എയർപോർട്ടിൽ ഇമ്മിഗ്രേഷൻ നടപടികൾക്ക് അധികസമയം വേണ്ടി വന്നില്ല .പാസ്‌പോർട്ടിൽ ചെറുചതുരത്തിലുള്ള ഒരു ചുവന്ന മുദ്രപതിഞ്ഞാൽ അത് രാജ്യത്തേക്ക് കടക്കാനുള്ള വിസയായി .
പുറത്തേക്കിറങ്ങിയാല്‍ ആദ്യ കാഴ്ച എല്ലാ വിമാനത്താവള പരിസരത്തിലെന്നപോലെ കാറുകളുടെ നിരതന്നെ . ഫ്ലൈ ഓവറുകളോ അണ്ടർപാസോ ഇല്ലാത്തതിനാസൽ വാഹനവുമായി പുറത്തേക്കിറങ്ങാൻ ക്ഷമയോടെ വരിനിൽക്കേണ്ടിവരും .
ടൂർ ഓപ്പറേറ്റർ നേരത്തെ ഏർപ്പാടാക്കിയ ഞങ്ങൾ കയറിയ വോൾവോ ബസ്സും ആ വാഹനനിരയിൽ കണ്ണിചേർന്നു .
വാഹനയുടമകൾ വല്ലാത്ത ക്ഷമാശീലരാണ് . നിരന്തരം ഹോണടിച്ചോ ബഹളം വച്ചോ ആരും തിടുക്കം കാട്ടുന്നില്ല .
” സ്വച്ഛന്ദമായൊരു ജീവിതത്തിലേക്കാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത് ” എന്ന്‌ ആരോ ഇവിടെ അശരീരി മുഴക്കിയതുപോലെയായിരുന്നു പിന്നീടുള്ള ദിനങ്ങളിലെ നല്ല അനുഭവങ്ങൾ.

നിശ്ശബ്ദത നിശ്വസിക്കുന്ന നഗരം

അൽമാട്ടി നഗരം

പ്രകൃതിയുടെ മാറിൽ മയങ്ങുന്ന ഒരു നഗരം -അതാണ് അൽമാട്ടി എന്ന് ആദ്യദിന’സിറ്റി റൈഡ് ‘ കൊണ്ടേ നമുക്ക് ബോധ്യമാകും .
ആധുനിക നഗരങ്ങളിലേതുപോലെ പ്രധാന സ്ട്രീറ്റുകൾ തമ്മിൽ എട്ടുവരിപാതകൾ കൊണ്ടാണ് ബന്ധിപ്പിച്ചിട്ടുള്ളത് . എന്നാൽ ഇതിലെ ഇടതടവില്ലാതെ നീങ്ങുന്ന വാഹനങ്ങൾ നേരത്തെ പറഞ്ഞതുപോലെ തിടുക്കപ്പെടുന്നില്ല .
റഷ്യയിൽനിന്നും ഉസ്ബക്കിസ്ഥാനില്‍ നിന്നും മറ്റ് അയൽരാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങളും നിരത്തിലുണ്ടെന്ന് നമ്പർപ്ളേറ്റിലെ ആ രാജ്യങ്ങളുടെ ചുരുക്കെഴുത്തിൽനിന്നു വായിച്ചെടുക്കാം .

സോവിയറ്റ് യൂണിയനിൽനിന്നു 1991ല്‍ സ്വതന്ത്രമായ കസാഖിസ്ഥാൻ ഒരു ആധുനിക രാഷ്ട്രമായി ഇതിനകം വളർച്ചനേടിക്കഴിഞ്ഞതായി വഴിനീളെ കാണാവുന്ന വലിയ വ്യവസായ സൗധങ്ങളും മാളുകളും യൂണിവേഴ്‌സിറ്റികളും വിസ്തൃതമായ പാർക്കുകളും വേൾഡ് ബ്രാൻഡ് ഫുഡ് കോർട്ടുകളും കഫേകളും വിളിച്ചോതുന്നു .

രാജപാതകൾക്ക് ഇരുവശമായിട്ടാണ് ഇവയെല്ലാം നിലകൊള്ളുന്നതെങ്കിലും യൂറോപ്യൻ സിറ്റികളെ ഓർമ്മിപ്പിക്കും വിധമാണ് ഇതിന്റെയൊക്കെയും വിന്യാസം .

റോഡ് കഴിഞ്ഞാൽ നിശ്ചയമായും വൃക്ഷങ്ങള്‍ക്കും പുൽപ്പരപ്പുകൾക്കുമാണ് ഇടം .അതും കഴിഞ്ഞാണ് കെട്ടിടങ്ങൾക്കുള്ള സ്ഥാനം നൽകിയിട്ടുള്ളത്.
ഫുഡ്പാത്തിനോട് ചേർന്ന് തീൻ മേശകൾ നിരത്താൻ അനുമതിയുള്ള സ്ട്രീറ്റ് റസ്റോറന്റുകൾക്കു മാത്രമാണ് ഇതിൽനിന്ന് ഇളവ് കിട്ടുക . അല്ലാത്ത സ്ഥാപനങ്ങളൊക്കെയും വൃക്ഷലതാതികൾക്കു പിന്നിൽ ത്തന്നെ .
സിറ്റി ലൈഫിനെ അങ്ങേയറ്റം ഉന്മേഷപ്രദമാക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള നഗരാസൂത്രണം .
റോഡിൽനിന്ന് നേരിട്ടു പൊടിപടലങ്ങളും വാഹനപ്പുകയും അതിന്റെ ചൂടുമൊന്നും ഒട്ടും അനുഭവപ്പെടില്ല . ജനങ്ങൾക്ക് ആവുന്നിടത്തോളം ശുദ്ധ വായുവും സ്വച്ഛന്ദതയും ഈ നഗരം എവിടെയും നൽകുന്നു .

മലനിരകളുംനിബിഢവങ്ങളും നിറഞ്ഞ ഒരുപ്രദേശം നഗരമായിത്തീർന്നതാണ് അൽമാട്ടിയെന്നു ഒരു ഓട്ടപ്രദക്ഷിണം കഴിഞ്ഞെത്തുന്നതോടെ ഒരു ഗൈഡിന്റെയും സഹായം കൂടാതെ നാം കണ്ടെത്തും .
നഗരനിർമ്മിതി പ്രകൃതിയെ ഒരുതരത്തിലും ഇവിടെ ദ്രോഹിക്കുന്നില്ല എന്നുമാത്രമല്ല , പ്രകൃതിയിൽ വിലയം കൊള്ളുന്നതാണ് അതിന്റെ അസ്തിത്വവും ആകർഷണീയതയെന്നും നാം മനസ്സിൽ കുറിച്ചുപോകും.

നനുത്ത കാലൊച്ചകളുമായി വാക്കിങ്സ്ട്രീറ്റ്.

വാക്കിങ് സ്ട്രീറ്റ്

ന്യൂയോർക്കിലും ലണ്ടനിലും പാരീസിലും ഉള്ളതുപോലെ കാൽനടക്കാർക്കായി മാത്രമുള്ള ഒരു സ്ട്രീറ്റ് അൽമാട്ടിയിലും ഉണ്ട് – പേര് അറബാത്ത് വാക്കിങ് സ്ട്രീറ്റ് .
ഒരു ട്രാഫിക് ഐലന്റിന്റെ ഇരുദിശകളിലായി നേർ രേഖയിൽ രണ്ടുകിലോമീറ്ററിലേറെ നീണ്ടുകിടക്കുന്ന അറബാത്ത് സ്ട്രീറ്റ് കൂടുതലും യൗവനയുക്തരുടെ സല്ലാപ കേന്ദ്രമാണ് .
കൈകൾ കോർത്തും ചുമലിൽ തലചായ്ച്ചും യുവതീയുവാക്കൾ നടന്നുനീങ്ങുന്നു . പാശ്ചാത്യ സ്പർശമുള്ള ഇങ്ങനൊരു നഗരത്തിൽ
ബാന്റ് പ്രകമ്പനം തീർക്കുന്ന മധുശാലകളും നർത്തന ശാലകളും രാത്രിജീവിത്തിന് ഹരം പകരാൻ ചിലപ്പോഴെങ്കിലും വേണ്ടെന്നു വയ്ക്കുന്നവരുടെ ഇഷ്ടസങ്കേതമത്രേ ഇത്തരം വാക്കിങ് സ്ട്രീറ്റുകളും അതിനോട് ചേർന്നുനിൽക്കുന്ന റെസ്റ്റോറന്റുകളും .
പ്രണയികളുടെയും അന്യോന്യമുള്ള സത്കാരത്തില്‍ ഹൃദ്യതതേടുന്നവരുടെയും സൗമ്യ ലോകമായും ഇതു പരാവർത്തനം ചെയ്യപ്പെടുന്നു .
നടന്നു തളർന്നവർ പാതയോരത്തെ ബെഞ്ചുകളിൽ ഒറ്റയ്ക്കും കൂട്ടമായും വിശ്രമിക്കുണ്ട് .

ശ്രദ്ധയിൽപ്പെട്ട ഏറ്റവും സവിശേഷമായ കാര്യം ഇവിടെ ആളുകൾ പതുക്കെയാണ് എന്തും പറയുന്നത് .നടക്കുന്നവരുടെ കാലൊച്ചകൾ പോലും തീർത്തും നേർത്തത് .
കമിതാക്കൾ ഏറെയും വഴിവിളക്കുകളുടെ വെള്ളി വെളിച്ചം വീണു തിളങ്ങുന്ന കണ്ണിന്റെ ഇമയനക്കങ്ങൾ കൊണ്ടാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതെന്ന് ഇവിടെ നമുക്കല്പം കാല്പനികരാവാം എന്നുതോന്നുന്നു . സംസാരം അത്രയേറെ കുറവ് !
നഗരത്തിന്റെ മുഖമുദ്രയായ നിശ്ശബ്ദതയോട് മനുഷ്യജീവിതം എല്ലാനിലയ്ക്കും അനുരഞ്ജനപ്പെടുന്നു .

ശൈത്യ കാലം അത്രവിദൂരതയിലല്ലെന്നു വിളംബരം ചെയ്ത് ഇടക്കിടെ തണുത്തകാറ്റു വീശുന്നുണ്ട് . അപ്പോഴെല്ലാം നാലുപാടും നിൽക്കുന്ന മരങ്ങൾ മഞ്ഞയിലകൾ പൊഴിച്ചുകൊണ്ടേയിരുന്നു .അത് കുന്നുകൂടി നടപ്പാതകളിൽ സ്വർണ്ണ നീരാളം നീർത്തുന്നു .

ദൃഢ ഗാത്രനായ ഒരു ചെറുപ്പക്കാരന്‍ താൽക്കാലികമായി സ്ഥാപിച്ച ക്രോസ്സ് ബാറിൽ അഭ്യാസങ്ങൾ കാണിക്കുന്നുണ്ട് . ആശ്ചര്യഭരിതരായി അത് ഒരുകൂട്ടമാളുകൾ കണ്ടുനിൽക്കുന്നു .

രാത്രിയേറെ വൈകി ഞങ്ങൾ അവിടുന്നു മടങ്ങുമ്പോഴും അറബാത്ത്‌ സ്ട്രീറ്റ് സജീവമാണ് . നേരംപുലരുന്നത് ആഴ്ചയറുതിയുടെ അവധിദിനത്തിലേക്കായതുകൊണ്ടാവാം ആളുകൾ തങ്ങളുടെ വീടണയല്‍ ദീർഘിപ്പിക്കുന്നത്.

ഷിംബുലക് മലനിരകൾ …കേബിൾ കാറുകൾ

യൂ എ ഇ യിലെ പ്രമുഖ ടൂർ കമ്പനിയായ ‘കോസ്മോ ട്രാവൽസ് ‘ മുഖേനയുള്ള യാത്ര , കാലേക്കൂട്ടി വേണ്ടവണ്ണം പ്ലാൻ ചെയ്തിരുന്നതിനാൽ അൽമാട്ടി വിമാനത്താവളം മുതല്‍ മികച്ചൊരു ടൂറിസ്റ്റു ഗൈഡിന്റെ സഹായം കിട്ടിയിരുന്നു . 35 വയസ്സിനടുത്തു പ്രായംതോന്നിക്കുന്ന ഒരു കസാക്ഖിസ്ഥാൻ ലേഡി -പേര് നൂർ സുൽത്താന .
ഏതൊരു ഇടത്തെപ്പറ്റിയോ കാഴ്ചയെപ്പറ്റിയോ വിശദീകരിക്കുമ്പോഴെല്ലാം വാക്യങ്ങൾക്കിടയിൽ സദാ പുഞ്ചിരി പ്രകാശിപ്പിക്കുന്ന പ്രസാദാത്മക മുഖമുള്ള സുന്ദരി . ബോബ് ചെയ്ത കറുത്തമുടി അവരുടെ വെളുത്തമുഖത്തിനു നല്ല അലങ്കാരമായിട്ടുണ്ട് .

പിറ്റേന്ന് നൂർ ഞങളെ കൂട്ടിക്കൊണ്ടുപോയത് അൽമാട്ടിയിലെ അറിയപ്പെടുന്ന ടൂറിസ്ററ് കേന്ദ്രമായ ഷിംബലക് മൗണ്ടനിലേക്കാണ് .
കൂറ്റൻ മലകൾക്കു മുകളിലൂടെ വണ്ടുകളെപ്പോലെ പാറിപ്പറക്കുന്ന അനേകം കേബിൾകാറുകളാണ് ഇവിടുത്തെ മുഖ്യ ആകർഷണം .
ഒരാൾക്ക് തനിയെയോ നാലും അഞ്ചുംപേർ ഒന്നുചേർന്നോ അതിൽകയറാം . കാർ മറുവശത്തെത്താൻ വേണ്ടിവരുന്ന സമയം 20 മിനുട്ടാണ് . മേഘങ്ങളെ തൊടാം എന്ന വിധമുള്ള അതിലേറിയുള്ള യാത്ര അവിസ്മരണീയമായ ഒരനുഭവം തന്നെ .

കേബിൾക്കാർ ചെന്നുനില്ക്കുന്നത് വലിയൊരുമലമുകൾ ഛേദിച്ചപോലുള്ള ഒരു മൈതാനത്ത് . വന്നണയുന്ന സഞ്ചാരികളുടെ വിശപ്പും ദാഹവുമകറ്റാൻ കഫേകളും റെസ്റ്റോറന്റുകളും സജ്ജം . പല രാജ്യങ്ങളിൽ നിന്നുള്ളവർ ഒരു ആഗോള ഭക്ഷ്യ സംസ്കാരം തീർക്കും പോലെ തീൻ മേശകൾക്കുചുറ്റിനുമിരുന്നു ഭക്ഷിക്കുന്നു . ചിലർ മൈതാനത്തിനു അതിരുവരച്ച പർവതത്തിൽ കയറാൻ യത്നിക്കുന്നു . ആ പർവത നിരകൾ കസാഖിസ്ഥാനിന്റെ ബോർഡറാണ് .അതിനപ്പുറം ചൈന .

തിരികെയുള്ള കേബിൾയാത്രയും കഴിഞ്ഞു പാതവക്കിലൂടെ നടക്കുമ്പോൾ കേൾക്കാം ജലപാതത്തിന്റെ ഹൂങ്കാരം . അടുത്തുചെന്നപ്പോൾ കണ്ടു അസംഖ്യം വെള്ളിയലുക്കുകൾ വാരിച്ചുറ്റിയ ഒരു കാട്ടരുവി . ആ കുളിർവെള്ളത്തിലിറങ്ങിയും നടുവിലെ പാറക്കല്ലുകളിലിരുന്നും ഒരു മണിക്കൂർ പോയതറിഞ്ഞില്ല .
ദുബായ് വാർത്താ പ്രേക്ഷകരുടെ പ്രതിനിധിയായി യാത്രാസംഘത്തിലുണ്ടായിരുന്ന ഒരു ഇളം പ്രായക്കാരനായ സയ്യദ് അപ്പോഴുണ്ട് ഒരു കവർനിറയെ ആപ്പിളുമായി വരുന്നു – വാങ്ങിയതല്ല .അരുവിക്കപ്പുറം കാണാവുന്ന ആപ്പിൾ മരത്തിൽകയറി പയ്യൻ പറിച്ചതാണ് . അത് കൗതുകത്തോടെ ഏവരും പങ്കിട്ടു കഴിച്ചു.

സ്വപ്നംപോലെ ഒരു സ്വർഗീയ ഭൂമീ

നാലാം ദിവസത്തെ സന്ദർശനം അൽമാട്ടിയിലെ എന്നല്ല , മധ്യഏഷ്യയിലെ തന്നെ ഏറ്റവും മനോഹരമായ തടാകത്തിലേക്കായിരുന്നു . താമസിക്കുന്ന ഹോട്ടലിൽ നിന്ന് അവിടേക്ക് രണ്ടുമണിക്കൂർ യാത്രചെയ്യാനുള്ള ദൂരമുണ്ടായിരുന്നു .
ബസ് നഗരം പിന്നിട്ടതോടെ ഇരുവശവും പാടം തെളിഞ്ഞുവന്നു . അകലെ ചക്രവാളം തൊട്ടുനിൽക്കുന്ന മലനിരകൾ .
സമുദ്രതീരങ്ങൾ ഇല്ലാത്ത കസാഖിസ്ഥാനിനു അതിർത്തി നിർണ്ണയിക്കുന്നതെല്ലാം പർവത നിരകളാണ് .
കാണാൻപോകുന്ന തടാകത്തിനപ്പുറം വെറും ഏഴു കിലോമീറ്റർ കടന്നാൽ മറ്റൊരു രാജ്യമായ കൃകിസ്ഥാനിന്റെ ഭൂമിയാണെന്ന് ഗൈഡ് പറഞ്ഞു.

അയൽ രാജ്യം അത്ര അടുത്തായതിനാൽ ലേയ്ക്കിലേക്കുള്ള വഴിയിൽ ഒരു ചെക്ക്പോസ്റ്റ്‌ സ്ഥാസ്‌പിച്ചിട്ടുണ്ട് . ഗതാഗതം അവിടം വരയേയുള്ളു . ഇനി ഒരു കിലോമീറ്ററിലേറെ നടന്നുവേണം എത്താൻ . അതൊരു വനയാത്രപോലെയായിരുന്നു . നടക്കാൻ കഴിയാതെ വിഷമിക്കുന്നവർക്ക് അധികൃതർ വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . അത്തരം വാഹനങ്ങൾ ഇടക്കിടെ ഞങ്ങളെ കടന്നുപോയി .

ദൂരെനിന്നേ മരങ്ങൾക്കിടയിലൂടെ തടാകം ദൃശ്യമായി . അടുക്കുംതോറും അത് അഴകാർന്നു വന്നു . ഒടുവിൽ ഏതോ മോഹവുമായി വാനനീലിമ ഭൂമിയിൽ ഊർന്നിറങ്ങി തിടംവച്ചതുപോലെയുള്ള തടാകത്തിന്റെചേതോഹാരിത മുഴുവന്‍ വെളിപ്പെട്ടു .
ചുറ്റുപാടും പലവർണങ്ങളിൽ കാണാവുന്ന മലനിരകൾ . അതിന്റെ കൈക്കുമ്പിളിൽ എന്നപോലെ നിശ്ചല സരോവരം . എല്ലാം ചേർന്നു ആകാശച്ചുവരിൽ തൂക്കിയ ക്ലാസ്സിക് ചിത്രമായി പ്രകൃതി കൺമുമ്പിൽ സൗമ്യമായി ജ്വലിക്കുന്നു .

ഈ അന്യാദൃശമായ സൗന്ദര്യ ഭൂമികയെ ദുബായ് വാർത്താപ്രേക്ഷകരിൽ എത്തിക്കാൻ ക്യാമറമാൻമാരായ ഹബീബ് റഹ്‌മാനും മൊയ്‌നുദ്ദീനും ബിനോയിയും ചേതോഹാരിത തുളുമ്പുന്ന ഫ്രെയിമുകൾ വെച്ചു .അതിനുമുന്നിൽനിന്ന് അവതാരകരായ ദീപയും ആമിനാ നിസാറും വിവരണങ്ങൾ നൽകി .

മനം നിറഞ്ഞ് മടക്കയാത്ര

പുലർച്ചെ അഞ്ചുമണിക്കായിരുന്നു ഷാർജയിലേക്ക് റിട്ടേൺ ഫ്ലൈറ്റ് . മൂന്നുമണിയോടെ എയർ പോർട്ടിൽ എത്തുമ്പോഴേക്കും ചെക് ഇൻ കൗണ്ടറുകളാകെ ജനനിബിഡം .
ഇസ്‌താംബൂളിലേക്കും ഫ്രാങ്ക്ഫുർട്ടിലേക്കും ദുബായിലേക്കും പുറപ്പെടാൻ നിൽക്കുന്നവരാണവർ എന്നു കൗണ്ടറുകളിലെ ഡെസ്റ്റിനേഷൻ ബോർഡുകൾ അറിയിപ്പ് തരുന്നു . അതിനർത്ഥം ലോകമെമ്പാടുംനിന്നും കസാക്കിസ്ഥാനിന്റെ ശാന്തസുന്ദര പ്രകൃതിയിൽ മയങ്ങാൻ ടൂറിസ്റ്റുകൾ എത്തുന്നുവെന്നാണല്ലോ . പക്ഷേ
യാത്രക്കാരുടെ വർദ്ധനവിനെ താങ്ങാനുള്ള ശേഷി വിമാനത്താവളത്തിനില്ല എന്നത്‌ വലിയൊരു പോരായ്മയായി തോന്നി .
അതോറിറ്റി അതിനു പരിഹാരം തേടാൻ തുടങ്ങിയിട്ടുണ്ടെന്നു ഇതേപ്പറ്റിയുള്ള ഒരു ചോദ്യത്തിന് മറുപടിയായി നൂർ സുൽത്താന പറഞ്ഞു.

നൂർ സുൽത്താന

വിമാനതാവളത്തിൽ വിടചൊല്ലുമ്പോൾ ഇതിനകം ഞങ്ങളുമായി വല്ലാത്തൊരു ആത്മബന്ധം സ്ഥാപിച്ചുകഴിഞ്ഞ നൂർ വിങ്ങുന്നുണ്ടായിരുന്നു ; ഞങ്ങളും .
ദുബായ് വാർത്ത മാനേജിങ് ഡയറക്ടർ നിസ്സാര്‍ സെയ്ദ് പുഞ്ചിരിയോടെ അവരോടുപറഞ്ഞു : ദുബായ്ക്കുവരൂ ..അവിടെ ഞങ്ങൾ നൂറിന്റെ ഗൈഡ് ആകാം .നൂർ പൊട്ടിച്ചിരിച്ചു ;ഒരു നിറകൺ ചിരി.

യാത്രകൾ ഉള്ളിൽ അവശേഷിപ്പിക്കുന്നത് ഹൃദ്യമായ കാഴ്ചകൾ മാത്രമല്ല ചില നല്ല ഹൃദയങ്ങൾ കൂടിയാണല്ലോ !

എൻ .എം . നവാസ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts