ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 132 ആയി ഉയർന്നു. 177 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. 19 പേർ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
മരിച്ചവരിൽ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്നാണ് വിവരം. മച്ഛു നദിയിൽ കര-വ്യോമ-നാവിക സേനകൾ, എൻഡിആർഫ്, അഗ്നിശമന സേന തുടങ്ങിയവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തിൽ പാലം പുനർനിർമിച്ച ബ്രിജ് മാനേജ്മെന്റ് ടീമിനെതിരെ കേസെടുത്തതായി സംസ്ഥാന ആഭ്യന്തരമന്ത്രി ഹർഷ് സാംഘ്വി പറഞ്ഞു.
തകർന്നുവീണ തൂക്കുപാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. പുനർ നിർമാണത്തിനു ശേഷം അനുമതിയില്ലാതെയാണ് പാലം തുറന്നുനൽകിയത്. 150 പേർക്ക് കയറാവുന്ന പാലത്തിൽ അപകടസമയത്ത് അഞ്ഞൂറോളം പേരാണ് ഉണ്ടായിരുന്നത്. ഒരുകൂട്ടം ആളുകൾ മനഃപൂർവം പാലം കുലുക്കിയതായും ആരോപണമുണ്ട്.