50 തൊഴിലാളികളോ അതിൽ കൂടുതലോ ഉള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന വൈദഗ്ധ്യമുള്ള ജോലികളിൽ 2 ശതമാനം എമിറാത്തി തൊഴിലാളികൾ ഉണ്ടായിരിക്കണമെന്ന നിയമത്തിന് യുഎഇയിൽ അംഗീകാരം നൽകിയതോടെ ഈ നിയമം 2022 അവസാനത്തിനുമുമ്പ് പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് യുഎഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) മുന്നറിയിപ്പ് നൽകി.
നിയമം നടപ്പിലാക്കാനായിഇനി 50 ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നും മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ഇന്ന് വെള്ളിയാഴ്ച വീണ്ടും മുന്നറിയിപ്പ് നൽകി.
ഈ നിയമം അനുസരിക്കാത്ത കമ്പനികൾക്ക് സാമ്പത്തിക പിഴകൾ നേരിടേണ്ടി വരും, ജനുവരി 2023 മുതലാണ് പിഴകൾ ഈടാക്കുക. 2023 ജനുവരി മുതൽ ജോലി ചെയ്യാത്ത ഓരോ എമിറാറ്റിക്കും 72,000 ദിർഹം എന്ന നിരക്കിൽ അനുസരിക്കാത്ത കമ്പനികളിൽ നിന്ന് ഈടാക്കുമെന്ന് അതോറിറ്റി ട്വീറ്റിൽ പറഞ്ഞു.