അബുദാബിയിൽ നിന്നു കൊച്ചിയിലേക്ക് വന്ന ഇത്തിഹാദ് എയർലൈൻസ് വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്നു വിമാനത്തിന്റെ തിരിച്ചുള്ള യാത്ര മുടങ്ങി. മടക്കയാത്ര റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു.
കഴിഞ്ഞ രാത്രി 10.30 ഓടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കുന്നതിനിടെയാണ് പക്ഷിയിടിച്ചത്. വിമാനം സുരക്ഷിതമായി ഇറക്കിയെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചതാണ് 11.30-നുള്ള മടക്കയാത്ര മുടങ്ങാൻ കാരണം. മടക്കയാത്രയിലെ 189 ഓളം യാത്രക്കാർ ഇതോടെ വിമാനത്താവളത്തിൽ കുടുങ്ങി.
പ്രതിഷേധം കനത്തതോടെ കുറച്ചുപേരെ സമീപത്തെ ഹോട്ടലുകളിലേക്ക് മാറ്റി. മറ്റുള്ളവരും പ്രതിഷേധിച്ചതോടെ അടുത്ത ജില്ലക്കാരായവരെ മടക്കയാത്രയുടെ സൗകര്യം ഒരുക്കിയ ശേഷം അറിയക്കാമെന്ന വ്യവസ്ഥയിൽ തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു.