കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കേരളം വീണ്ടും ജാഗ്രത കടുപ്പിച്ചേക്കുമോ എന്ന് ഇന്നറിയാം. കേരളത്തിലെ ജില്ലകളിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്ന് ആരോഗ്യവകുപ്പ് അവലോകന യോഗം ചേരും. കേസുകൾ എവിടെയെങ്കിലും കൂടുന്നതായി കണ്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധം ശക്തമാക്കാനും ആരോഗ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതൽ കൊവിഡ് സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കാനാണ് ജില്ലകൾക്കുള്ള നിർദേശം. വിവിധ കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി സമ്പൂർണ ജീനോമിക് സർവയലൻസാണ് നടത്തുക. ഓരോ ജില്ലയ്ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള ലാബുകളിൽ ജനിതക നിർണയത്തിനായി സാമ്പിളുകൾ അയയ്ക്കണം. ഏതെങ്കിലും ജില്ലകളിൽ കൊവിഡ് വകഭേദങ്ങൾ കണ്ടെത്തിയാൽ കൃത്യമായി റിപ്പോർട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും നിർദേശം നൽകി.
ആശുപത്രികളിൽ അഡ്മിറ്റാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർക്ക് കൊവിഡ് പരിശോധന നടത്തും. കൂടാതെ തീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവർക്കും കൊവിഡ് പരിശോധന നടത്തും.കേന്ദ്ര സർക്കാരിന്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ആരംഭിക്കുമെന്നും ആരോഗ്യ വകുപ്പ്.