ചരിത്രത്തിലെ ഏറ്റവും വലിയ സമ്പത്ത് നഷ്‌ടത്തിന്റെ ലോക റെക്കോർഡ് എലോൺ മസ്‌ക് തകർത്തു. ഗിന്നസ് വേൾഡ് റെക്കോർഡ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2021 നവംബർ മുതൽ മസ്‌കിന് ഏകദേശം 180 ബില്യൺ ഡോളർ നഷ്ടപ്പെട്ടുവെന്നാണ് ഫോർബ്‌സിന്റെ കണക്ക്. എന്നാൽ മറ്റ് സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് ഇത് 200 ബില്യൺ ഡോളറിനടുത്താണെന്നാണ്.
“കൃത്യമായ കണക്ക് കണ്ടെത്തുന്നത് അസാധ്യമാണെങ്കിലും, മസ്‌കിന്റെ മൊത്തം നഷ്ടം 2000-ൽ ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സൺ സ്ഥാപിച്ച 58.6 ബില്യൺ ഡോളറിനെ മറികടക്കുന്നതാണ്” .ദി ഹിൽ പറയുന്നതനുസരിച്ച്, എലോൺ മസ്‌കിന്റെ ആസ്തി 2021 നവംബറിൽ 320 ബില്യൺ ഡോളറായിരുന്നു. ഇത് 2023 ജനുവരിയിൽ 137 ബില്യൺ ഡോളറായി കുറഞ്ഞു. ടെസ്‌ലയുടെ സ്റ്റോക്കിന്റെ മോശം പ്രകടനമാണ് ഇതിന് പ്രധാന കാരണം.
മസ്‌ക് 7 ബില്യൺ ഡോളർ മൂല്യമുള്ള ടെസ്‌ല ഓഹരികൾ വിറ്റത് തിരിച്ചടിയായെന്നും സൂചനയുണ്ട്. കഴിഞ്ഞ മാസം, അദ്ദേഹം 3.58 ബില്യൺ ഡോളർ മൂല്യമുള്ള മറ്റൊരു സ്റ്റോക്ക് വിറ്റിരുന്നു. നേരത്തെ തന്നെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പേര് എലോൺ മസ്‌കിന് നഷ്ടമായിരുന്നു. ഫോബ്സിന്റെ റിപ്പോർട്ട് പ്രകാരം ഫ്രഞ്ച് ബിസിനസുകാരനും ഫാഷൻ രംഗത്തെ പ്രമുഖരുമായ എൽ.വി.എം.എച്ചിന്റെ ചെയർമാൻ ബെർണാഡ് അർണോൾട്ട് ആണ് നിലവിലെ സമ്പന്നൻ.