യുഎഇയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഉള്ളിയും പഴങ്ങളും നാട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച 10 ഫിലിപ്പിനോ ക്യാബിൻ ക്രൂ അംഗങ്ങൾക്കെതിരെ ഫിലിപ്പീൻസ് അധികൃതർ കള്ളക്കടത്ത് കുറ്റം ചുമത്തി.
ജനുവരി 10 ന് ദുബായിൽ നിന്ന് (PR 659) , റിയാദിൽ (PR 655) രണ്ട് വ്യത്യസ്ത വിമാനങ്ങളിൽ എത്തിയ ഫിലിപ്പൈൻ എയർലൈൻസ് ജീവനക്കാരെ 27 കിലോ ഉള്ളി, 10.5 കിലോ നാരങ്ങ, ഒരു കിലോ സ്ട്രോബെറി, ബ്ലൂബെറി എന്നിവയുമായി പിടികൂടിയതായി രാജ്യത്തെ കസ്റ്റംസ് ബ്യൂറോയിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ ക്യാബിൻ ക്രൂ എത്തിയപ്പോഴാണ് സ്യൂട്ട്കേസുകളിൽ സാധനങ്ങൾ കണ്ടെത്തിയത്.കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ ഫോമിൽ അവർ സാധനങ്ങൾ എന്താണെന്ന് എഴുതിയിട്ടില്ല. ഇത്തരം ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് ആവശ്യമായ ഇറക്കുമതി പെർമിറ്റും അവർക്കില്ലായിരുന്നു. രേഖകൾ നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ സാധനങ്ങൾ കണ്ടുകെട്ടിയതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഉള്ളിയോ മറ്റേതെങ്കിലും കാർഷികോൽപ്പന്നങ്ങളോ ഒരാളുടെ ലഗേജിൽ കൊണ്ടുവരുന്നത് ഇറക്കുമതിയായി കണക്കാക്കുമെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അത് വ്യക്തിഗത ഉപയോഗത്തിനായാൽ പോലും. ഇറക്കുമതി ചെയ്യുന്നത് ഒരു നിശ്ചിത പ്രക്രിയയിലൂടെയാണ്, അവിടെ വിവിധ അനുമതികൾ തേടേണ്ടതുണ്ട്,” ദുബായിലെയും നോർത്തേൺ എമിറേറ്റിലെയും ഫിലിപ്പൈൻ കോൺസുലേറ്റിലെ അഗ്രികൾച്ചർ അറ്റാഷെ നോലെറ്റ് ഫുൾജെൻസിയോ പറഞ്ഞു.