റാസൽഖൈമയിലെ ലൈസൻസില്ലാത്ത ഇരുചക്രവാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. മോട്ടോർബൈക്ക് ഉടമകൾ അവരുടെ രജിസ്ട്രേഷൻ പേപ്പറുകൾ പരിശോധിച്ച് അവ സാധുതയുള്ളതാണെന്ന് ഉറപ്പാക്കാൻ പോലീസ് പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.
മോട്ടോർ സൈക്കിൾ ഉടമകൾ തങ്ങളുടെ ബൈക്കുകൾ സർവീസ് സെന്ററുകളിൽ പരിശോധിച്ച് ലൈസൻസ് നേടിയ ശേഷം മാത്രം റോഡുകളിൽ ഇറക്കണമെന്ന് റാസൽഖൈമയിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും ഫെഡറൽ ട്രാഫിക് കൗൺസിലിലെ ട്രാഫിക് അവേർനെസ് ആൻഡ് കൾച്ചർ ടീമിന്റെ തലവനുമായ ബ്രിഗ്-ജനറൽ അഹമ്മദ് അൽ-സാം അൽ-നക്ബി ആവശ്യപ്പെട്ടു.
രജിസ്റ്റർ ചെയ്യാത്ത മോട്ടോർ ബൈക്കുകൾക്കും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന സൈക്കിൾ യാത്രക്കാർക്കും വേണ്ടിയുള്ള നിരീക്ഷണത്തിനായി എമിറേറ്റിലെ എല്ലാ റോഡുകളും തെരുവുകളും ഉൾപ്പെടെ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് റാസലിലെ പട്രോൾ ഡിപ്പാർട്ട്‌മെന്റ് മേധാവി ലെഫ്റ്റനന്റ് കേണൽ സലേം ബർഗുയിബ കൂട്ടിച്ചേർത്തു.
നിയമലംഘകരുടെ ബൈക്കുകൾ കണ്ടുകെട്ടുമെന്നും ഉദ്യോഗസ്ഥർ അടിവരയിട്ട് വ്യക്തമാക്കി.റോഡ് സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം നടപ്പാക്കിയ ഡ്രൈവിന്റെ വിപുലീകരണ കാമ്പയിനിന്റെ ഭാഗമായാണ് പുതിയ നടപടികളെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ 0509990299 എന്ന നമ്പറിൽ ബന്ധപ്പെടാൻ ലെഫ്റ്റനന്റ് കേണൽ ബർഗുയിബ ആവശ്യപ്പെട്ടു.